പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്ത് ഹോം സ്റ്റേ നടത്തുന്ന ദമ്പതികളായ മിനിയും ഷിജുവുമാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

കൊല്ലം: കൊല്ലം കുരിപ്പുഴയില്‍ 17കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേർ കൂടി പിടിയില്‍. പെൺകുട്ടിയുടെ അമ്മയുടെ അനുജത്തിയും കൊട്ടിയത്ത് ഹോം സ്റ്റേ നടത്തുന്ന ദമ്പതികളുമാണ് പിടിയിലായത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്.

കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തി, വിവിധ സ്ഥലങ്ങളില്‍ എത്തിച്ചായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കൗൺസിലിങ്ങ് സമയത്ത് പെൺകുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അറസ്റ്റ്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും കൊട്ടിയത്ത് ഹോം സ്റ്റേ നടത്തുന്ന ദമ്പതികളായ മിനിയും ഷിജുവുമാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അമ്മായി ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ആരെയും ഇതുവരെ അറസ്റ്റ് ചെയ്യതിട്ടില്ല. ഇവരില്‍ പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറയുന്നു. എന്നും രാവിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഒരുമതസ്ഥാപനത്തില്‍ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. അഞ്ചാലുംമൂട് സര്‍ക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.