ഭോപ്പാല്‍: മധ്യപ്രദേശില്‍ 18കാരിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സഹോദരനൊപ്പം തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 29 ന് അര്‍ദ്ധരാത്രിയാണ് ആക്രമിച്ചത്. സഹോദരനെ കിണറ്റിലെറിഞ്ഞ ശേഷമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. 

തന്‍റെ 21കാരനായ സഹോദരനൊപ്പം മോട്ടോര്‍ ബൈക്കില്‍ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടിയെന്ന് പൊലീസ് പറഞ്ഞു. രാത്രി 8.30 ഓടെയാണ് പ്രതികള്‍ ഇവരെ തടഞ്ഞുവച്ചത്. തുടര്‍ന്ന് സഹോദരനെ കിണറ്റിലെറിഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബലാത്സംഗം ചെയ്തത്. കൃത്യം നടത്തി പ്രതികള്‍ പോയതോടെ പെണ്‍കുട്ടി സഹോദരനെ രക്ഷപ്പെടുത്തി. പുലര്‍ച്ചയോട ഗ്രാമത്തിലെത്തിയ ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.