ബാല്‍റാംപൂര്‍ : ഹാഥ്റസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ലഭിച്ചില്ലെന്ന പ്രതിഷേധം രാജ്യ വ്യാപകമാവുന്നതിനിടയില്‍ മറ്റൊരു ദളിത് യുവതി ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാല്‍റാംപൂറിലാണ് 22കാരിയായ ദളിത് യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയാണ് സംഭവം. നാലു ഡോക്ടര്‍മാരുടെ പാനല്‍ അടങ്ങിയ സംഘം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബുധനാഴ്ച രാത്രി തന്നെ സംസ്കരിച്ചതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചൊവ്വാഴ്ച കോളേജ് അഡ്മിഷന്‍ എടുക്കാനായി പോയ യുവതി വൈകുന്നേരമായിട്ടും മടങ്ങി വന്നിരുന്നില്ല. ഇതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.  വീട്ടുകാര്‍ യുവതിക്കായി തെരച്ചില് നടത്തുന്നതിനിടെ യുവതിയെ അവശനിലയില്‍ കയ്യില്‍ ഗ്ലൂക്കോസ് ഡ്രിപ് ഇട്ട് ഓട്ടോയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശരീരത്തിലേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു. 

യുവതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്‍റെ പരാതിയിലാണ് നടപടി. കേസില്‍ ഉടന്‍ തന്നെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.