കോഴിക്കോട്: മദ്യശാലകൾ തുറക്കാനുള്ള തീരുമാനം നീട്ടിയതോടെ വ്യാജ മദ്യവേട്ട ഊർജ്ജിതമാക്കി എക്സൈസ് വകുപ്പ്. കോഴിക്കോട് കൊയിലാണ്ടിയിലും മുക്കത്തും നടത്തിയ പരിശോധനയിൽ 385 ലിറ്റർ വ്യാജ മദ്യമാണ് ഇന്നലെ പിടിച്ചെടുത്തത്.

കൊയിലാണ്ടി- വിയ്യൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 360 ലിറ്റർ വാഷാണ് കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിച്ചിരുന്ന വാഷാണ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്. സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. 

മുക്കത്ത് നടത്തിയ റെയ്ഡിൽ 25 ലിറ്റർ വാഷാണ് പിടികൂടിയത്. അഗസ്ത്യന്മുഴി സ്വദേശി പ്രകാശന്‍റെ വീട്ടിൽ നിന്നാണ് വാഷ് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാൻ ഇനിയും വൈകുമെന്നതിനാൽ ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും, കൊയിലാണ്ടി, നടുവത്തൂർ, കീഴരിയൂർ, മുചുകുന്ന് ഭാഗങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സൈസിന്‍റെ തീരുമാനം.