ബദ്വാന്‍(യുപി): ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ 50കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ആരാധനാലയത്തിന്റെ പരിസരത്തുവെച്ചാണ് സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായ മുറിവുകളും പരിക്കുമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുവതിയുടെ സ്വകാര്യഭാഗം ക്രൂരമായി ആക്രമിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ പുരോഹിതനും രണ്ട് സഹായികള്‍ക്കുമെതിരെ ഉഘൈട്ടി പൊലീസ് കേസെടുത്തു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആരാധനക്ക് പോയ സ്ത്രീയെയാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരാധനക്ക് പോയ ഭാര്യ പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. രാത്രിയോടെ പുരോഹിതനും സഹായികളും സ്ത്രീയുടെ വീട്ടിലെത്തി സ്ത്രീ ആരാധനാലയ പരിസരത്തെ കിണറില്‍ വീണുകിടക്കുന്നതായി വീട്ടുകാരെ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കും മുമ്പ് ഇവര്‍ കാറില്‍ വേഗത്തില്‍ പോയെന്നും കുടുംബം ആരോപിച്ചു.

പുരോഹിതനും സഹായികളും അസത്യം പറയുകയാണെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ അമ്മയെ രക്ഷിക്കാനാകുമായിരുന്നെന്നും മകന്‍ പറഞ്ഞു. ബദ്വാന്‍ സീനിയര്‍ എസ്പി സങ്കല്‍പ് ശര്‍മ ഗ്രാമത്തിലെത്തി. സ്വകാര്യഭാഗങ്ങളിലടക്കമുള്ള ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പൊലീസ് സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.