പന്ത്രണ്ടുകാരിയെ രണ്ട് വർഷത്തോളം പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലുവ: ബാലികയെ രണ്ടുവർഷമായി നിരന്തരം പീഡിപ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം. 12 വയസ് പ്രായമുള്ള പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് നിരന്തരം ഇരയായത്.

Add Asianetnews as a Preferred SourcegooglePreferred

ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദാണ് പിടിയിലായത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി സംഭവത്തിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇന്നാണ് ഇയാളെ പിടികൂടാനായത്.

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. 2018 ഫെബ്രുവരിയിലായിരുന്നു ആദ്യ സംഭവം. സഹകരണ സംഘത്തിലെ കാര്‍ഡ് ഏല്‍പ്പിക്കാൻ അലിയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. രണ്ട് വര്‍ഷത്തോളം പീഡനം തുടര്‍ന്നു.

ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അലിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രതി ഒളിവില്‍പ്പോയി. ആലുവ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അലിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.