കുട്ടി തന്നെ അപഹസിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

കൊല്‍ക്കത്ത: കാശിപൂരില്‍ ആറു വയസ്സുകാരനെ അച്ഛന്‍റെ പുരുഷ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ സൈഫുല്‍ മൊല്ല(25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 

കുട്ടിയുടെ അച്ഛന്‍ ലെതര്‍ ബാഗ് നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയാണ്. കമ്പനിയിലെ തൊഴിലാളിയാണ് സൈഫുല്‍ മൊല്ല. കഴിഞ്ഞ കുറേ മാസങ്ങളായി സൈഫുല്‍ മൊല്ലയും കുട്ടിയുടെ അച്ഛനും തമ്മില്‍ ബന്ധമുണ്ട്. ബന്ധത്തില്‍ സംശയം തോന്നിയ ഭാര്യ ഇയാളെ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തു. അതിന് ശേഷം സൈഫുല്‍ മൊല്ലയുമായുള്ള ബന്ധത്തില്‍നിന്ന് കുട്ടിയുടെ അച്ഛന്‍ പിന്മാറി. ഇതിന്‍റെ വൈരാഗ്യത്തില്‍ സൈഫുല്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പതിവുപോലെ കമ്പനിയില്‍ ജോലിക്കെത്തി. അമ്മയില്‍നിന്നാണ് സൈഫുലുമായുള്ള പിതാവിന്‍റെ ബന്ധം പൊലീസ് അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി മനസ്സിലായത്. കുട്ടി തന്നെ അപഹസിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ചോദ്യം ചെയ്യലില്‍ ആദ്യമൊന്നും പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് എഎസ്പി ഇന്ദ്രജിത് ബസു പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.