ചാരുംമൂട് : നൂറനാട് പുലിമേലിൽ വയോധികനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പുലിമേൽ കാഞ്ഞിരവിളയിൽ ഭാസ്കരൻ (73) ആണ് വീട്ടുമുറ്റത്ത് ഭാര്യ ശാന്തമ്മയുടെ മുന്നിൽ വച്ച് ഭാരുണമായി കൊല്ലപ്പെട്ടത്. തൊട്ടയൽവാസിയായ തുണ്ടിൽ ശ്യാംസുന്ദർ (24) ആണ് കൊലപാതകം നടത്തിയത്. ക്രിമിനൽ സ്വഭാവമുള്ള ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. കൃത്യം നടത്തിയ ശേഷം വീട്ടിൽ തന്നെയുണ്ടായിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയായിരുന്നു പോലീസ് കീഴ്‍പ്പെടുത്തിയത്.

ഇന്ന് രാവിലെ 9.30 ഓടെയാണ് നൂറനാട് സ്റ്റേഷൻ ഓഫീസർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ സ്ഥലത്ത് കൊണ്ടുവന്നത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാരും തടിച്ചു കൂടിയിരുന്നു. കൊലപാതകം നടത്തിയതെങ്ങനെയെന്ന് പ്രതി പോലീസിനോട് വിവരിച്ചു. വീട്ടിൽ നിന്നുകൊണ്ടുവന്ന കത്തിയുപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ വീടിന് പിന്നിലായുള്ള റബ്ബർ തോട്ടത്തിലെ കുറ്റിക്കാട്ടിൽ നിന്നും കൊലയ്ക്കുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

എന്നാൽ പ്രതിയുടെ മൊഴികളിൽ  അവ്യക്തയുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്ന സ്വഭാവക്കാരനായ പ്രതിയ്ക്കെതിരെ ഭാസ്കരൻ പരാതി നൽകുമെന്ന് പറഞ്ഞിരുന്നതിലെ വൈരാഗ്യത്താൽ കൊല നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഭവം നടക്കുമ്പോൾ ഭർത്താവിനെ രക്ഷിയ്ക്കാൻ  ശ്രമിച്ച ഭാസ്കരന്റെ ഭാര്യ ശാന്തമ്മ വെട്ടേറ്റ് ചികിത്സയിലാണ്. ഭാസ്കരന്റെ സംസ്കാരം പിന്നീട് നടക്കും.