ദില്ലി: തെരുവിൽ കച്ചവടം നടത്താനുള്ള സ്റ്റാൾ ഇടുന്നതിന് സമീപത്തെ കച്ചവടക്കാരൻ ആവശ്യപ്പെട്ട 50 രൂപ നൽകാൻ വിസമ്മതിച്ച 85കാരനെ വടി കൊണ്ട് അടിച്ചുകൊന്നു. പ്രതിയും ചരിത്ര പോസ്റ്ററുകൾ വിൽക്കുന്നയാളുമായ മുകേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ദില്ലിയിലെ ഉത്തം നഗർ മാർക്കറ്റിലാണ് സംഭവം നടന്നത്. ഇവിടെ ആഴ്ച ചന്തയിൽ തന്റെ സ്റ്റാൾ ഇടാനാണ് 85 വയസ് പ്രായമുണ്ടായിരുന്ന ബക്ഷി പോയത്. എന്നാൽ ഇവിടെ വ്യാപാരം നടത്തുന്നതിന് 50 രൂപ ഓരോ ആളിൽ നിന്നും മുകേഷ് കുമാർ ആവശ്യപ്പെടുകയായിരുന്നു. ബക്ഷി ഇത് നൽകാൻ വിസമ്മതിച്ചതോടെ മുകേഷ് കുമാർ ഇദ്ദേഹത്തെ അടിക്കാൻ ചെന്നു.

എന്നാൽ മറ്റ് കച്ചവടക്കാർ ഇടപെട്ട് മുകേഷിനെ ശാന്തനാക്കി മടക്കിയയച്ചു. അരമണിക്കൂറിന് ശേഷം തിരികെ ഇതേ സ്ഥലത്തെത്തിയ മുകേഷ് വീണ്ടും ബക്ഷിയോട് ദേഷ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങി. പെട്ടെന്ന് സമീപത്തുണ്ടായിരുന്ന ഒരു വടിയെടുത്ത് ബക്ഷിയുടെ തലയ്ക്ക് അടിച്ച് മുകേഷ് കൊലപ്പെടുത്തുകയായിരുന്നു.

മുകേഷ് കുമാർ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബക്ഷിയെ ആക്രമിക്കുന്ന സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പിന്നീട് പറഞ്ഞത്.