ഗോവ: പതിനൊന്ന് വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസിന് തുമ്പായി ഓറഞ്ച് സ്ലിപ്പര്‍. ബ്രിട്ടീഷ് വംശജയായ സ്കാര്‍ലറ്റ് കീലിംഗ് എന്ന 15കാരിയെ കൊലപ്പെടുത്തിയ കേസില്‍ 11 വര്‍ഷത്തിനിപ്പുറം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത് അന്ന് ഗോവയില്‍ ഉപേക്ഷിച്ച ഓറഞ്ച് സ്ലിപ്പറുകളാണ്. 2008 ഫെബ്രുവരി 17ന് ഗോവയിലെ അഞ്ജുല ബീച്ചില്‍ നടന്ന കൊലപാതകത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ സാംസണ്‍ ഡിസൂസയെ കഴിഞ്ഞയാഴ്ച  ബോബെ ഹൈക്കോടതി 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. 2.6 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. 

ആദ്യം അനാവശ്യമെന്ന് കരുതി പൊലീസ് ഉപേക്ഷിച്ച സ്ലിപ്പര്‍ പിന്നീടാണ് നിര്‍ണായക തെളിവായത്. 2008 ഫെബ്രുവരി 17ന് രാവിലെ ആറരയോടെയാണ് സ്കാര്‍ലറ്റിന്‍റെ അര്‍ദ്ധ നഗ്ന മൃതദേഹം ഗോവയിലെ അഞ്ജുന ബീച്ചില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് സ്കാര്‍ലറ്റിനെ ഡിസൂസയ്ക്കും പ്ലാസിനെ കര്‍വാലോക്കുമൊപ്പം കണ്ടിരുന്നു. വിചാരണക്കിടെ കാര്‍വാലോയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.  ബീച്ച് ഷാക്ക് നിര്‍മ്മാതാവാണ് 39കാരനായ ഡിസൂസ.

മൃതദേഹം കണ്ടെത്തിയതിന് രണ്ടോ മൂന്നോ മീറ്റര്‍ ദൂരത്തിലാണ് പൊലീസ് ഓറഞ്ച് സ്ലിപ്പര്‍ കണ്ടെത്തിയത്. ആദ്യം ഇത് പൊലീസ് അനാവശ്യമായി കണ്ടുവിട്ടുകള‌ഞ്ഞിരുന്നു. പിന്നീട് സാക്ഷികളെ വിസ്തരിച്ചപ്പോള്‍ സ്ലിപ്പറിനെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതുവരെയും ചെരുപ്പ് അവിടെ തന്നെ കിടന്നിരുന്നു. എന്നാല്‍ വൈകീട്ടോടെ ഷാക്കില്‍ തിരിച്ചെത്തിയ ഡിസൂസ തന്‍റെ ചെരുപ്പ് ആരെങ്കിലും കണ്ടിരുന്നോ എന്ന് ചോദിച്ചതായുള്ള മൊഴി അന്വേഷണ സംഘത്തെ പ്രതിയിലേക്കെത്താന്‍ സഹായിച്ചു. 

സ്കാര്‍ലറ്റിനെ പീഡിപ്പിച്ചതായി ഡിസൂസ അന്വേഷണ സംഘത്തോട് സമ്മതിച്ചു. എന്നാല്‍ മരണത്തിന് പങ്കില്ലെന്നും ആവര്‍ത്തിച്ചു. സ്കാര്‍ലറ്റ് മുങ്ങിമരിച്ചതാണെന്ന് കാണിച്ച് പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സ്കാര്‍ലറ്റിന്‍റെ അമ്മയുടെ ആരോപണത്തെ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് കൈമാറി. കൊലപാതകം, പീഡനം ലഹരിമരുന്ന് നല്‍കുക എന്നിവയാണ് ഡിസൂസയ്ക്കും കാര്‍വാലോയ്ക്കുമെതിരെ സിബിഐ ചുമത്തിയ കുറ്റങ്ങള്‍.

2016 സെപ്റ്റംബറില്‍ കേസ് വിചാരണ കോടതിയിലെത്തിയപ്പോള്‍  ഇരുവരെയും വെറുതെ വിട്ടു. പ്രോസിക്യൂഷന് പ്രതികള്‍ കുറ്റം ചെയ്തതായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍ സ്കാര്‍ലറ്റിന്‍റെ അമ്മ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ 20 ന് കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി സാംസണ്‍ ഡിസൂസയെ കുറ്റക്കാരനായി കണ്ട് 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കാര്‍വാലോയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. 

സ്ലിപ്പറുകളെക്കുറിച്ച് ഡിസൂസ ഷാക്ക് ഉടമയോടും വെയിറ്ററോടും തിരക്കിയിരുന്നു. മൃതദേഹത്തിന് സമീപം ചെരുപ്പുകണ്ടെന്ന് അറിഞ്ഞതോടെ അവധി നല്‍കാമെന്ന് പ്രകോപിപ്പിച്ച് ഡിസൂസ വെയിറ്ററെക്കൊണ്ട് ചെരുപ്പ് എടുപ്പിച്ചു. പ്ലാസ്റ്റിക്കവറിലാക്കി വെയിറ്റര്‍ അന്ന് ഡിസൂസയ്ക്ക് നല്‍കിയ ചെരുപ്പുകള്‍ പിന്നീട് ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തെ കുറിച്ച് വെയിറ്റര്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായകമായി. 

സ്ലിപ്പര്‍ ഇതുവരെയും അന്വേഷണ സംഘത്തിന് കൈമാറാതിരുന്നതും അതെടുക്കാന്‍ മറ്റൊരാളെ പറഞ്ഞുവിട്ടതും കൊലപാതകത്തില്‍ സാംസണ്‍ ഡിസൂസയുടെ പങ്കുവ്യക്തമാക്കുന്നുവെന്ന് വിചാരണക്കിടെ കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം ഡിസൂസ തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം നിഷേധിച്ചു. തന്നെ കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതെന്നും എന്നാല്‍ നിരപരാതിയെന്ന് തെളിയിക്കാന്‍ തനിക്ക് അനുകൂലമായ തെളിവുകളൊന്നും തന്‍റെ കയ്യിലില്ലെന്നും അയാള്‍ പറഞ്ഞു.കേസുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡിസൂസയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക സംഘം വ്യക്തമാക്കി.