Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: ജഡ്‍ജിയെ സ്ഥലം മാറ്റാനുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

നടിയെ ആക്രമിച്ച കേസിലെ വിചാരണാനടപടികൾ തുടരുന്നതിനിടെ ആയിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്‍ജിയായിരുന്ന ഹണി വർഗീസിനെ കോഴിക്കോട് പോക്സോ കോടതി ജഡ്‍ജിയുടെ ചുമതലയിലേക്ക് മാറ്റി ഉത്തരവിറങ്ങിയത്.

actress attack case order to transfer judge honey varghese is deferred by high court
Author
Kochi, First Published Jun 24, 2020, 5:18 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‍ജി ഹണി വർഗീസിന്‍റെ സ്ഥലംമാറ്റഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണാനടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു ജഡ്‍ജിയെ സ്ഥലം മാറ്റിയത്. ഇത് വിചാരണാനടപടികളെ ബാധിക്കുമെന്ന് കണ്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചത്. 

പല തവണ പ്രതികളായ ദിലീപും മറ്റും മേൽക്കോടതികളിലടക്കം ഹർജി നൽകിയതിനാൽ കേസിന്‍റെ വിചാരണ തന്നെ രണ്ടരവർഷത്തോളം വൈകിയാണ് തുടങ്ങിയത്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ച്, പ്രത്യേക ഹർജി നൽകി, കേസ് പരിഗണിക്കാൻ വനിതാ ജഡ്‍ജി തന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് സിബിഐ പ്രത്യേക കോടതി ജഡ്‍ജിയായിരുന്ന ഹണി വർഗീസിനെ ഈ കേസിന്‍റെ വിചാരണയ്ക്കായി നിയോഗിച്ചത്. 

സാധാരണ സ്ഥലംമാറ്റനടപടികൾ നടക്കുന്നതിനിടെയാണ് ജഡ്‍ജിയായ ഹണി കെ വർഗീസിനും കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ലഭിച്ചത്. എന്നാൽ ഇത് കേസിന്‍റെ വിചാരണാനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പബ്ലിക് പ്രോസിക്യൂട്ടർക്ക് അടക്കം ഉണ്ടായിരുന്നു. മാത്രമല്ല, വേറെ ഒരു വനിതാജഡ്ജിയെ ഉടനെ നിയമിക്കാനും ബുദ്ധിമുട്ടാണ്. അങ്ങനെയെങ്കിൽ കേസിൽ വിചാരണാനടപടികൾ വീണ്ടും നീളും. 

നിലവിൽ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും കേസിന്‍റെ വിചാരണാ നടപടികൾ രണ്ട് മാസത്തോളം തടസ്സപ്പെട്ടിരുന്നു. നിലവിൽ ആക്രമിക്കപ്പെട്ട നടിയുടെ ക്രോസ് വിസ്താരമാണ് കോടതിയിൽ നടക്കുന്നത്. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള  നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തി നടന്‍ ദിലീപ് ഉള്‍പ്പെടെ പ്രതികൾ കോടതിയിൽ ഹാജരായിട്ടില്ല. നടിയുടെ സഹോദരന്‍, നടി രമ്യാ നമ്പീശൻ, സംവിധായകന്‍ ലാലിന്‍റം ഡ്രൈവ‌ർ സുജിത് എന്നിവരുടെ ക്രോസ് വിസ്താരമാണ് ഇനി നടക്കാനുള്ളത്.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ആറ് മാസത്തിനകം തീർക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നേരിട്ട് ഇടപെട്ട് ഈ സ്ഥലംമാറ്റഉത്തരവ് റദ്ദാക്കിയത്. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ സ്ഥലം മാറ്റഉത്തരവ് താൽക്കാലികമായി റദ്ദാക്കപ്പെടും. 

Follow Us:
Download App:
  • android
  • ios