ജോളി പലര്‍ക്കും കാശ് വായ്പ നല്‍കിയത് തിരിച്ച് കിട്ടാനുണ്ട്. ജയിലിലായിനാല്‍ ഇത് സംബന്ധിച്ച് ഇടപാടുകള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു അഡ്വ. ബി.എ ആളൂരിന്‍റെ അപേക്ഷ.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താന്‍ അനുവദിക്കണമെന്ന അഡ്വ. ആളൂരിന്‍റെ അപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ & സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. സിലി വധക്കേസിലെ വിടുതല്‍ ഹര്‍ജി അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

ജോളി പലര്‍ക്കും കാശ് വായ്പ നല്‍കിയത് തിരിച്ച് കിട്ടാനുണ്ട്. ജയിലിലായിനാല്‍ ഇത് സംബന്ധിച്ച് ഇടപാടുകള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു അഡ്വ. ബി.എ ആളൂരിന്‍റെ അപേക്ഷ. എന്നാല്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍റ് സെഷന്‍സ് കോടതി അപേക്ഷ തള്ളി. അഭിഭാഷക വൃത്തിക്കും നിയമത്തിനും വിരുദ്ധമായ അപേക്ഷയാണിതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ഇത്.

ഇത്തരം അപേക്ഷകള്‍ അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ജോളിയെ ജയില്‍ സന്ദര്‍ശിച്ച് സംസാരിക്കാന്‍ അഭിഭാഷകന് അനുവാദം നല്‍കി. സിലി വധക്കേസില്‍ ജോളി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി വാദം കേട്ടു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി തെളിവായി എടുക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ആറ് കേസുകളിലും പ്രത്യേകം പ്രത്യേകം രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും ആളൂര്‍ വാദിച്ചു.

ഷാജുവിനെ സ്വന്തമാക്കാനാണ് ജോളി ഷാജുവിന്‍റെ ആദ്യഭാര്യ സിലിയെ കൊന്നതെന്ന കാര്യം ഷാജുവിന്‍റെ രഹസ്യമൊഴിയില്‍ ഇല്ലെന്ന വാദത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ എതിര്‍ത്തു. ഇക്കാര്യം ഷാജുവിന്‍റെ രഹസ്യമൊഴിയില്‍ ഉണ്ടെന്നും രഹസ്യമൊഴി കയ്യില്‍ പിടിച്ച് പ്രതിഭാഗം വക്കീല്‍ കള്ളം വിളിച്ച് പറയുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.ജോളി രണ്ടാം പ്രതി എം.എസ്
മാത്യു മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ കൈയില്‍ നിന്ന് വിഷം വാങ്ങിയതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു.

സിലി വധക്കേസിലെ വിടുതല്‍ ഹര്‍ജിയും കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കേസുകളും അടുത്ത മാസം പത്തിന് വീണ്ടും കോടതി പരിഗണിക്കും.