അഹമ്മദാബാദ്: ബിജെപിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രാദേശിക നേതാവ് 70 അശ്ലീല വീഡിയോകൾ പങ്കുവച്ചതായി ആരോപണം. ബിജെപി നരോദ യൂണിറ്റ് സെക്രട്ടറി ഗൗതം പട്ടേലാണ് പ്രതിസ്ഥാനത്ത്. വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സ്ത്രീകളടക്കം നിരവധി നേതാക്കൾ ഗ്രൂപ്പ് വിട്ട് പോയതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

നരോദ 12 (മോദി ഫിർ സെ) എന്ന ഗ്രൂപ്പിലാണ് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തത്. ഇതിൽ മുനിസിപ്പൽ കൗൺസിലർമാരും പാർട്ടി പ്രവർത്തകരുമടക്കം 20 സ്ത്രീകൾ, അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ഗ്രൂപ്പ് വിട്ടു.

സ്ഥിരമായി ഉപയോഗിക്കുന്ന നമ്പറിൽ നിന്നല്ല സന്ദേശം വന്നതെന്നാണ്, വിവാദമുണ്ടായ ഉടനെ പട്ടേൽ  പ്രതികരിച്ചത്. ഫോൺ നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്നും, ഇത് കൈവശപ്പെടുത്തിയ ആരോ ആണ് അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തതെന്നുമാണ് ഇദ്ദേഹം പറഞ്ഞത്. പാർട്ടിയിലെ തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ പട്ടെലിനെതിരെ നിരവധി പേരാണ് ബിജെപി സിറ്റി പ്രസിഡന്റിന് പരാതി നൽകിയത്. അഹമ്മദാബാദ് ജില്ലാ ബിജെപി അദ്ധ്യക്ഷൻ ഐകെ ജഡേജയ്ക്കും പരാതി നൽകിയിട്ടുണ്ട്. വീഡിയോകൾ പോസ്റ്റ് ചെയ്‌ത സംഭവത്തിൽ പട്ടേലിനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.