ഓണ്‍ലൈന്‍ ക്ലാസില്‍ വെറും തോര്‍ത്തുമാത്രം ധരിച്ച് അധ്യാപകന്‍ എത്തുമെന്നും ലൈംഗിക ചുവയോടെ സംസാരിക്കുമെന്നും വിദ്യാര്‍‌ത്ഥികള്‍ ആരോപിക്കുന്നു.

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഓണ്‍ലൈന്‍ ക്ലാസിനിടെ അല്‍പ്പവസ്ത്രധാരിയായി കുട്ടികളുടെ മുന്നില്‍ വരികയും അശ്ലീല സന്ദേശങ്ങള്‍‌ അയക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി. നിരവധി വിദ്യാര്‍ത്ഥിനികളാണ് അധ്യാപകനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്.

ചെന്നൈയിലെ കെകെ നഗര്‍ പിഎസ്ബിബി സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പരാതി. ഓണ്‍ലൈന്‍ ക്ലാസില്‍ വെറും തോര്‍ത്തുമാത്രം ധരിച്ച് അധ്യാപകന്‍ എത്തുമെന്നും ലൈംഗിക ചുവയോടെ സംസാരിക്കുമെന്നും വിദ്യാര്‍‌ത്ഥികള്‍ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപകന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും പെണ്‍കുട്ടികളോട് അവരുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്നും വിദ്യാര്‍‌ത്ഥികള്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ രംഗത്ത് വന്നതോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പിന്തുണയുമായി രംഗത്തെത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകെനതിരെ സമാനമായ ആരോപണം പങ്കുവെച്ചു. തങ്ങള്‍ പഠിക്കുന്ന സമയത്തും അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നുവെന്നും മോശം സമീപനത്തോടെ സ്പര്‍ശിച്ചിരുന്നെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. പരാതി നല്‍കിയാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തത്.

സംഭവം വിവാദമായതോടെ അധ്യാപകനെതിരെ സ്കൂള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും പരാതി ഗൗരവത്തോടെ എടുക്കുന്നുവെന്നും സ്കൂൾ പ്രിൻസിപ്പൽ ഗീത ഗോവിന്ദരാജനും പി.എസ്.ബിബി. ഗ്രൂപ്പ് ഡയറക്ടർ ഷീല രാജേന്ദ്രയും അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona