ആലുവ:  മുപ്പത്തടത്ത് സപ്ലൈക്കോ ഓഫീസിൽ നിന്നും ജീവനക്കാരൻ പണം തട്ടിയത് വ്യാജ ചലാൻ നിർമ്മിച്ച്. സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാരൻ ജെസീഫാണ് നാൽപ്പത് ലക്ഷം രൂപാ തട്ടിയത്. സംഭവം യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ഓഫീസ് മാനേജരെ സപ്ലൈക്കോ സസ്പെൻഡ് ചെയ്തു.

സപ്ലൈക്കോയുടെ മുപ്പത്തടം സൂപ്പർമാർക്കറ്റിലാണ് തട്ടിപ്പ് നടന്നത്. സൂപ്പർമാക്കറ്റിൽ നിന്നും ബാങ്കിൽ അടയ്ക്കാൻ കൊണ്ടു പോകുന്ന തുകയിൽ ഒരുഭാഗം ജസീഫ് സ്വന്തം പോക്കറ്റിലാക്കും. പിന്നീട് തുക മുഴുവൻ ബാങ്കിൽ അടച്ചെന്ന് കാണിച്ച് വ്യാജ രസീത് സപ്ലൈക്കോയിൽ സമർപ്പിക്കും. ഇതായിരുന്നു തട്ടിപ്പു രീതി. കഴിഞ വർഷം ജൂൺ മുതലാണ് തട്ടിപ്പിന്‍റെ തുടക്കം. ഇതുവരെ 40 ലക്ഷം രൂപായാണ് സമാന രീതിയിൽ തട്ടിയെടുത്തത്. 

വ്യാജ രസീത് ഉണ്ടാക്കുന്നതിനായി ബാങ്കിന്റെ പേരിൽ വ്യാജ സീലും ജസീൽ നിർമ്മിച്ചിരുന്നു. കഴിഞ്ഞ മാസം ബാങ്കിൽ നിന്നും അക്കൗണ്ട് വിവരങ്ങൾ വന്നതോടെയാണ് പണം നഷ്ടമായകാര്യം വ്യക്തമായത്. ഇതിനിടെ പ്രതി തെളിവ് നശിപ്പിക്കാനും നീക്കം നടത്തി. കൊവിഡ് കണ്ടൈൻമന്‍റ് സോണിനകത്തായിരുന്നതിനാൽ സപ്ലൈക്കോ ഔട്ട് ലറ്റിന്റെ പ്രവർത്തന സമയം കുറച്ചിരുന്നു. 

ജീവനക്കാരില്ലാത്ത സമയത്ത് ഓഫീസ് തുറന്ന് പ്രതി സ്റ്റോക്ക് ലിസ്റ്റ് തിരുത്തി. വ്യാജ ചാവി ഉപയോഗിച്ചാണ് ഔട്ട് ലറ്റ് തുറന്നത്. രേഖകളിൽ കൃത്വിമത്വം നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് സപ്ലൈക്കോ പൊലീസിൽ പരാതി നൽകിയത്. തട്ടിപ്പ് പുറത്തായതോടെ നഷ്ടമായ തുക തിരിച്ചടച്ച് പ്രശ്നം പരിഹരിക്കാനും പ്രതി നീക്കം നടത്തി. ബിനാനി പുരം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. 

വസ്കു വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയെ തുടർന്നാണ് പണം തട്ടിയെതെന്നാണ് പ്രതി പറയുന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഓഫീസ് മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ മുപ്പത്തടം യൂണിറ്റ് മാനേജർ യൂസഫിനെ സപ്ലൈക്കോ സസ്പെൻഡ് ചെയ്തു.