ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു വയസ്സുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടാനച്ഛന്‍ വൈശാഖിനും കുട്ടിയുടെ അമ്മ മോനിഷയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ഇരുവരെയും  അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംരക്ഷണ ചുമതല ജില്ലാ കളക്ടർ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. 

രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റിരുന്നു, നീരു വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം. അടിവയറ്റിലും നീര് വന്ന് വീങ്ങിയിട്ടുണ്ട്. 

നാട്ടുകാരാണ് മര്‍ദ്ദന വിവരം പൊലീസിനെ അറിയിച്ചത്. എന്തിനാണ് കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ ഉത്തരമില്ല. അടിക്കല്ലേ എന്ന തന്‍റെ അപേക്ഷ വകവയ്ക്കാതെയായിരുന്നു മര്‍ദ്ദനമെന്നാണ് അമ്മ പറഞ്ഞത്. 

രണ്ടാനച്ഛനായ വൈശാഖിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഇവരില്‍ ചിലര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Read Also: അമ്പലപ്പുഴയിൽ കുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം: കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്ക്