തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ പരസ്പരം സഹായിക്കാന്‍ പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റിപ്പറഞ്ഞെന്ന് പൊലീസ്. നെയ്യാറ്റിന്‍കരയില്‍ നിന്ന് അമ്പൂരിയിലേക്കുള്ള യാത്രാമധ്യേ തന്നെ രാഖിയെ പ്രതികള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും തെളിവെടുപ്പുകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. ഇന്ന്  തെളിവെടുപ്പിനായി ഇവരെ വീണ്ടും അമ്പൂരിയിലെത്തിക്കും.

രാഖിയുമായി അഖില്‍ അമ്പൂരിയിലേക്ക് എത്തുന്നതിനുമുമ്പേ താന്‍ അവര്‍ക്കൊപ്പം കാറില്‍ കയറിയെന്നാണ് രാഹുല്‍ പൊലീസിനോട് പറഞ്ഞത്. കാറിലിരുന്ന് താന്‍ രാഖിയുടെ കഴുത്തുഞെരിച്ചെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍, രാഹുല്‍ കാറില്‍ക്കയറിയത് അമ്പൂരിയിലെ വീടിനു മുമ്പിലെത്തിയശേഷമാണെന്നാണ് അഖില്‍ നല്‍കിയിരിക്കുന്ന മൊഴി. ആദ്യം സീറ്റ്ബെല്‍റ്റ് ഉപയോഗിച്ചും പിന്നീട് കയര്‍ ഉപയോഗിച്ചും കഴുത്തുഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കുകയായിരുന്നെന്നും അഖില്‍ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് സഹോദരങ്ങള്‍ വ്യത്യസ്തമൊഴികള്‍ നല്‍കുന്നതെന്നാണ് പൊലീസിന്‍റെ അനുമാനം.

രാഖിയെ രാഹുല്‍ ഉപദ്രവിച്ചു തുടങ്ങിയത് യാത്രക്കിടെ കാറിൽ വച്ചാകാമെന്നാണ് പൊലീസ് പറയുന്നത്. ആൾത്താമസമില്ലാത്ത സ്ഥലത്തു കൂടി ചുറ്റിക്കറങ്ങിയാണ് നെയ്യാറ്റിൻകരയിൽ നിന്ന് രാഖിയെ അമ്പൂരിയിലെത്തിച്ചത്. ഈ വഴിയുള്ള യാത്ര നേരത്തെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍.