തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെക്കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികള്‍ അവരുടെ വാഹനം   ഏറെ നേരം വൃത്തിയാക്കുന്നതു കണ്ടെന്ന് അയല്‍വാസിയുടെ മൊഴി. കൊല്ലപ്പെട്ട രാഖിയുടെ സിം കാര്‍ഡ് ഇട്ടുവിളിക്കാന്‍ ഉപയോഗിച്ച മൊബൈൽ ഫോണ്‍, പ്രതികൾ വീട്ടുവളപ്പിൽ ഉപേക്ഷിച്ചതായും സംശയമുണ്ട്.

രാഖിയെ കുഴിച്ചിട്ട വീട്ടുവളപ്പില്‍, ഉപേക്ഷിച്ച നിലയിലുള്ള മൊബൈല്‍ ഫോണിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ രാഹുലും അഖിലും വാഹനം പലതവണ കഴുകുന്നതു കണ്ടതായി അയല്‍വാസിയായ റോബിന്‍ പറഞ്ഞു. വാഹനത്തില്‍ വച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്നാണ് മൂന്നാം പ്രതിയായ ആദര്‍ശ് പൊലീസിന് നല്‍കിയ മൊഴി.

അതേസമയം, രാഖിയും അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരി 15-ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് പൊലീസ് പറയുന്നത്. തന്‍റെ ഭര്‍ത്താവായ അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. അഖിലിന് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രാഖി വിവാഹം മുടക്കാന്‍ നോക്കിയത് ഇവരുടെ ബന്ധം കൂടുതല്‍ വഷളാക്കിയെന്നും പൊലീസ് പറയുന്നു. കേസിലെ മൂന്നാം പ്രതിയായ ആദര്‍ശിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ പറയുന്നത്.