കാസര്‍കോട്: കാസർകോട് ബളാലിൽ പതിനാറുകാരിയെ സഹോദരൻ ഐസ്ക്രീംമിൽ എലിവിഷം കലർത്തി കൊന്ന കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകി. ഹൊസദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 90 ദിവസം പൂർത്തിയാകും മുമ്പ് കുറ്റപത്രം നൽകിയത്. കൊലപാതകത്തിൽ പ്രതി ആൽബിൻ മാത്യുവിന് മാത്രമാണ് പങ്കെന്നും സ്വത്തെല്ലാം സ്വന്തമാക്കാൻ കുടുംബത്തെയൊന്നാകെ കൊന്നൊടുക്കാനായിരുന്നു പദ്ധതിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് എലിവിഷം കലർത്തിയ ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിയ പതിനാറുകാരി ആന്‍ ബെന്നി മരിച്ചത്. ആന്‍ ബെന്നിയുടെ അച്ഛൻ ബെന്നിയും അമ്മയുമെല്ലാം വിഷം കലർന്ന ഐസ്ക്രീം കഴിച്ച് ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടി. ആദ്യം ഭക്ഷ്യവിഷബാധയെന്ന് സംശയിച്ചെങ്കിലും വെള്ളരിക്കുണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരൻ ആൽബിൻ ബെന്നി നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു.

കാമുകിക്കൊപ്പം ആർഭാടജീവിതം നയിക്കാനായി സ്വത്തെല്ലാം സ്വന്തം പേരിലാക്കാനാണ് ആൽബിൻ കുടുംബത്തെയാകെ കൊന്നൊടുക്കാൻ പദ്ധതിയിട്ടതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സഹോദരി ആന്‍ ബെന്നിയുടെ കൊലപാതകത്തിൽ ആൽബിനല്ലാതെ മറ്റാർക്കും പങ്കില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആയിരത്തോളം പേജുള്ള കുറ്റപത്രത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനടക്കം നൂറിലധികം പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനാറുകാരി ആന്‍ ബെന്നിയെ കൊല്ലാൻ ഉപയോഗിച്ച എലിവിഷത്തിന്‍റെ ട്യൂബ് കത്തിച്ചതിന്‍റെ അവശിഷ്ടങ്ങൾ, ഐസ്ക്രീം ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രങ്ങൾ, തുടങ്ങിയവയും കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്.