ചെങ്ങന്നൂരില്‍ ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്നര കിലോ കഞ്ചാവ് പിടികൂടി.

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്നര കിലോ കഞ്ചാവ് പിടികൂടി. മാന്നാറില്‍ മീന്‍ കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ് വിറ്റിരുന്ന ആസാം സ്വദേശിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടിച്ചത്. ബുധനൂരില്‍ ബംഗാള്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയത് ഒന്നര കിലോ കഞ്ചാവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്രഷ് മീനിനൊപ്പം ഫ്രഷ് കഞ്ചാവും. മാവേലിക്കര മാന്നാര്‍ റോഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന ബിനോയ് ഡൈമാറി എന്ന ആസാം സ്വദേശിയാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ മീന്‍ കച്ചവടത്തില്‍ പന്തികേട് തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി. രാജീവും സംഘവും നടത്തിയ പരിശോധനയിലാണ് മീനിനൊപ്പം ഒളിപ്പിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തത്. ഒട്ടേറെ ചെറുപ്പക്കാര്‍ രാത്രി കാലങ്ങളില്‍ ഇവിടെയെത്തി കഞ്ചാവ് വാങ്ങാറുണ്ടായിരുന്നെന്നാണ് വിവരം.

മാന്നാറില്‍ നിന്ന് അധികമകലെയല്ലാതെ ബുധനൂരിനടത്ത് പുലിയൂര്‍ മാന്നാര്‍ റോഡില്‍ നിന്നാണ് ബംഗാള്‍ സ്വദേശിയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവ് പിടികൂടിയത്. ഹരിരാംപൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരന്‍ സനാതന്‍ സര്‍ക്കാരാണ് അറസ്റ്റിലായത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.സജീവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.