ഇയാൾക്ക് കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു ബിനുവിന്‍റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിലെ ആറ് പേരാണ് പിടിയിലായത്

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. മേക്കാട് സ്വദേശി വെള്ള എൽദോ എന്നറിയപ്പെടുന്ന എൽദോ ഏലിയാസാണ് പിടിയിലായത്. 

ഇയാൾക്ക് കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ബിനുവിന്‍റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിലെ ആറ് പേരാണ് പിടിയിലായത്. മുഖ്യ പ്രതി ബിനു പിടിയിലായിട്ടില്ല.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ ഒളിവിലാണ്. ബിനോയിയെ കൊല്ലാനുള്ള ഗൂഡാലോചന നടന്നത് അത്താണിയിലെ വീട്ടില്‍ വച്ചാണെന്ന് പൊലീസ് പറഞ്ഞു. ബാറിൽ വെച്ചുണ്ടായ സംഘർഷവും മുഖ്യ പ്രതി ബിനുവിന്‍റെ അച്ഛനെ മർദിച്ചതുമാണ് കൃത്യത്തിന് കാരണം.

കഴിഞ്ഞ ദിവസം രാത്രിയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ ഗുണ്ടാ സംഘം വെട്ടികൊലപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ സിസിടി ദൃശ്യങ്ങളും പുറത്ത് വന്നു. 

അത്താണി ബോയ്‍സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബിനോയ്‌. ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്. ബിനോയിയുടെ മുഖത്ത് പ്രതികൾ തുരുതുരാ വെട്ടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.