തിരുവനന്തപുരം: ധനുവച്ചപുരം ഐടിഐയില്‍ എസ്എഫ്ഐ യുടെ പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്ന് പരാതി. ആറ് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐയുടെ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥികൾ.

ധനുവച്ചപുരം ഐടിഐയിലെ വിദ്യാര്‍ത്ഥികളും നെയ്യാറ്റിന്‍കരയിലെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജിവനക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍മുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജീവനക്കാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തിരുന്നു. 

ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സാരമായി പരുക്കേറ്റ ഷാന്‍, അരവിന്ദ് എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എസ്എഫ്ഐ പ്രവർത്തതകരായ സുഖേൽ, ആദർശ്, രാഘൂൽ മിദുൻ എന്നിവരടങ്ങുന്ന സംഘമണ് വിദ്യാർത്ഥികളെ  ആക്രമിച്ചതായി പാറശാല പൊലീസിനു നൽകിയ പരാതിയിലുള്ളത്. പൊലീസ് അന്വേഷണം തുടരുകയാണ്. എസ്എഫ്ഐ യൂണിറ്റ് നേതൃ‍ത്വം സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.