തലശ്ശേരി: തലശ്ശേരിയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു. 

പ്രതികളെ ഉടൻ പിടികൂടുമെന്ന് തലശ്ശേരി എസ്ഐ ഹരീഷ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്തിനെ തലക്കടിച്ച് വീഴ്ത്തി പാന്‍റിന്‍റെ കീശയിൽ നിന്ന് അരക്കിലോ വരുന്ന സ്വർണക്കട്ടി കവർന്നത്.

രണ്ട് പേർ ഹെൽമെറ്റ് ധരിച്ചും ഒരാൾ മുഖം തൂവാല കൊണ്ട് മറച്ചുമാണെത്തിയത്. മൂന്നംഗസംഘം ബൈക്കിൽ എര‌ഞ്ഞോളി പാലം വരെ എത്തിയതിന്‍റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് കിട്ടി. ശ്രീകാന്തിനെ നല്ല പരിചയമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.