ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെതുടർന്ന് നടി സഞ്ജന ഗല്‍റാണിയെ ജയിലിലേക്ക് മാറ്റി. കന്നഡ താരദമ്പതികളെ സിസിബി ചോദ്യം ചെയ്ത് വിട്ടയച്ചു.  നടന്‍ ദിഗന്ത് മഞ്ചലയോടും ഭാര്യയും നടിയുമായ ഐന്ദ്രിത റായിയോടും കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടത്. 

ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ ഇരുവരെയും നാല് മണിക്കൂറോളം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു, ദക്ഷിണേന്ത്യയിലെ സിനിമാ താരങ്ങൾ പങ്കെടുത്ത ശ്രീലങ്കയില്‍വ ച്ചു നടന്ന ലഹരി പാർട്ടികളെ കുറിച്ചടക്കം വിവരങ്ങൾ തേടി. തങ്ങൾ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ദമ്പതികൾ മൊഴി നല്‍കി. രണ്ടുപേരെയും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും സിസിബി അറിയിച്ചു.

പൊലീസ് കസ്റ്റഡിയിലായിരുന്ന സഞ്ജന ഗല്‍റാണിയുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായെന്ന് സിസിബി കോടതിയില്‍ അറിയിച്ചു. തുടർന്ന് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് ഇവരെ മാറ്റിയത്. നടി രാഗിണി ദ്വിവേദിയും കേസില്‍ പിടിയിലായ 10 പ്രതികളും നിലവില്‍ ഇതേ ജയിലിലാണുള്ളത്.

അതേസമയം പ്രമുഖർ പങ്കെടുത്ത പാർട്ടികളില്‍ ലഹരിമരുന്ന് വിതരണം ചെയ്ത ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ സ്വദേശിയായ ബെനാൾഡ് ഉദെന്നയാണ് സിസിബിയുടെ പിടിയിലായത്. 12 ഗ്രാം കൊക്കൈനും ഇയാളില്‍നിന്നും പിടിച്ചെടുത്തു. ഇതോടെ കേസില്‍ അറസ്ററിലായവരുടെ എണ്ണം 11 ആയി.