സംഭവത്തിൽ ആശയ്ക്കൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ യുവതിയെ കൊന്ന് ചാക്കിൽ കെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച ലിവിങ് പാര്‍ട്ണര്‍ അറസ്റ്റിൽ. ഹുളിമാവിൽ താമസിക്കുന്ന ആശ(40) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ആശയ്ക്കൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലര്‍ച്ചെ 1.45ന് മാലിന്യ ട്രക്കിലേക്ക് വീട്ടിലെ മാലിന്യം ഉപേക്ഷിക്കാനെത്തിയ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ മുഹമ്മദ് മുസ്തഫ എന്ന യുവാവാണ് ചാക്കിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മാലിന്യം ശേഖരിക്കുന്ന ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ ബെംഗളൂരു പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. അസ്സം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീനാണ് (33) കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഒന്നര വര്‍ഷത്തിലധികമായി ആശയും ഷംസുദ്ദീനും വാടക വീട്ടിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. 

വാടകക്ക് കഴിയുന്ന സ്ഥലത്ത് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് അയൽക്കാരോട് പറഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഷംസുദ്ദീന് അസ്സമിൽ ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്നും പൊലീസ് പറഞ്ഞു. വിധവയായ ആശ രണ്ടു കുട്ടികളെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. ഇരുവരും ഹോസ്റ്റലിലാണ് താമസം. ആശയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോയതാണ്. നഗരത്തിൽ ഹൗസ് കീപ്പിങ് സര്‍വീസ് നൽകുന്ന കമ്പനിയിലെ ജീവനക്കാരിയാണ് ആശ.

ആശയും ഷംസുദ്ദീനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ സംഘര്‍ഷമാണ് ആശയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. തര്‍ക്കത്തിനിടെ ആശയെ ഷംസുദ്ദീൻ കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് ആശയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചാക്കിലാക്കിയശേഷം ബൈക്കിൽ കെട്ടിവെച്ച് മാലിന്യ ട്രക്കിൽ നിക്ഷേപിച്ചശേഷം സ്ഥലം വിടുകയായിരുന്നുവെന്നും ഷംസുദ്ദീൻ പൊലീസിന് മൊഴി നൽകി. മാലിന്യ ട്രക്കിൽ മൃതദേഹം കൊണ്ടിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിരുന്നു.