വയനാട്: ദേശീയപാതയില്‍ ക്വട്ടേഷൻ സംഘം വയനാട് സ്വദേശികളെ ആക്രമിച്ച് പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെന്നാരോപിച്ച കേസില്‍ വന്‍ വഴിത്തിരിവ്. ആക്രമിക്കപ്പെട്ട കാറിനുള്ളില്‍നിന്നുതന്നെ അന്വേഷണസംഘം പണം കണ്ടെത്തി. പരാതിക്കാർ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ ഇപ്പോഴത്തെ നിഗമനം. കണ്ടെടുത്ത പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാന്‍ പരാതിക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വയനാട് വെങ്ങപ്പള്ളി സ്വദേശികളായ മുഹമ്മദ് ജഷ്ബിറും ജറീഷും മൈസൂരില്‍നിന്നും സ്വർണം വിറ്റുകിട്ടിയ 14.98 ലക്ഷം രൂപയുമായി നാട്ടിലേക്ക് മടങ്ങവേ മീനങ്ങാടിയില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ദേശീയപാതയിലൂടെ പണവുമായി വരുന്നവരെ സ്ഥിരമായി ആക്രമിച്ച് പണം കവരുന്ന തൃശൂർ ചാവക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 15 അംഗ ക്വട്ടേഷൻ സംഘമാണ് ഇവരെ ആക്രമിച്ചത്. 

3 കോടി ഇവരുടെ കൈയിലുണ്ടെന്ന് മൈസൂരിലെ ഒറ്റുകാർ സംഘത്തിന് നല്‍കിയ തെറ്റായ വിവരത്തെ തുടർന്നായിരുന്നു ആക്രമണം. കാറിലെ മാറ്റിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന പണം അക്രമികള്‍ തട്ടിയെടുത്തെന്ന യുവാക്കളുടെ പരാതിയില്‍ മീനങ്ങാടി പോലീസ് അന്വേഷണമാരംഭിച്ചു. 

വൈത്തിരിയില്‍വച്ച് സംഘത്തിലെ 14 പേരെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പക്ഷേ പ്രതികളെ നിരവധി തവണ ചോദ്യം ചെയ്തിട്ടും തങ്ങള്‍ക്ക് വാഹനത്തിനുള്ളില്‍നിന്നും പണമൊന്നും ലഭിച്ചില്ലെന്നാണ് പറഞ്ഞത്. 

തുടർന്ന് സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ വർക് ഷോപ്പ് തൊഴിലാളിയെകൊണ്ട് വാഹനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കാറിന്‍റെ എസി വെന്‍റിനുള്ളില്‍ ഒളിപ്പിച്ചു വച്ച മുഴുവന്‍ പണവും കണ്ടെത്തിയത്. ഇതോടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പരാതിക്കാർ ശ്രമിച്ചെന്ന സംശയം ബലപ്പെട്ടു. 

ഈ പണം എവിടുന്ന് ലഭിച്ചുവെന്നതടക്കം കൂടുതല്‍ വിവരങ്ങളും രേഖകളും ഹാജരാക്കാന്‍ പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ പരാതിക്കാർക്കെതിരെ കേസെടുക്കുമെന്ന് മീനങ്ങാടി പോലീസ് അറിയിച്ചു. പിടിയിലായ അക്രമി സംഘത്തിലെ 14 പേരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

കോടാലി ശ്രീധരൻ എന്ന പഴയ ക്വട്ടേഷൻ കവർച്ചാ നേതാവിന്‍റെ സംഘത്തിൽ മുമ്പുണ്ടായിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരെല്ലാം. ഇപ്പോഴിവരുടെ സംഘത്തിന്‍റെ നേതാവ് വരന്തരപ്പള്ളി സ്വദേശി രാഹുൽ എന്നയാളാണ്. രാഹുൽ അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നതും. 

തിങ്കളാഴ്ച രാത്രി മീനങ്ങാടിയിൽ വച്ച് ആക്രമണം നടന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. ഒരു പിക്കപ്പ് വാൻ എതിരെ കൊണ്ടുവന്ന് വണ്ടിയിൽ ഇടിച്ച് ചുറ്റും നാല് കാറുകൾ വളഞ്ഞിട്ട് നിർത്തി സിനിമാ സ്റ്റൈലിൽ തന്നെയായിരുന്നു ആക്രമണം. അതും കൃത്യമായ ആസൂത്രണത്തോടെ. ഈ പിക്കപ്പ് വാനുകൾ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ച നാല് കാറുകളും, പ്രതികളെ അറസ്റ്റ് ചെയ്ത വൈത്തിരിയിലെ റിസോർട്ടിൽ വച്ച് തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. 

ആദ്യമേ മുഹമ്മദ് ജഷ്ബിറിന്‍റെയും ജറീഷിന്‍റെയും പരാതിയിൽ പണം എവിടെ നിന്ന് കിട്ടിയതെന്നതിൽ പൊലീസിന് സംശയം തോന്നിയിരുന്നു. പൊലീസിനെ കളിപ്പിക്കാൻ നോക്കിയതാണെങ്കിൽ ഇവർക്കെതിരെയും കേസെടുക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതിന് മുന്നോടിയായാണ് പണത്തിന്‍റെ ഉറവിടം അടക്കമുള്ള രേഖകളുമായി ഹാജരാകാൻ ഇവരോട് നിർദേശം നൽകിയിരിക്കുന്നതും.