തന്‍റെ എസ്‍യുവി തടഞ്ഞ സംഘം സുഹൃത്തിനെയും തന്നെയും മര്‍ദ്ദിച്ചുവെന്നും തോക്കിന്‍റെ പിന്‍ഭാഗംകൊണ്ട് ഇടിച്ചുവെന്നും 

പാറ്റ്ന: ബിഹാറില്‍ മന്ത്രിയുടെ മകനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സുഹൃത്തിനെ ശ്രീപൂര്‍ ഗ്രാമത്തിലാക്കി മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. ഞായറാഴ്ച രാവിലെയാണ് മധേപുര ജില്ലയില്‍ വച്ച് സംഭവം നടന്നതെന്ന് രാജ്‍കുമാര്‍ പറഞ്ഞു. ഭത്ഗമ ഗ്രാമത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നില്‍. ബിഹാറിലെ ഷുഗര്‍ കെയ്ന്‍ ഇന്‍റസ്ട്രീസ് മന്ത്രി ബിമ ഭാരതിയുടെ മകനാണ് രാജ്‍കുമാര്‍. 

രാജ്‍കുമാറിനെയും സുഹൃത്തിനെയും പരിക്കുകളോടെ ചൗസയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലാണ്. തന്‍റെ എസ്‍യുവി തടഞ്ഞ സംഘം സുഹൃത്തിനെയും തന്നെയും മര്‍ദ്ദിച്ചുവെന്നും തോക്കിന്‍റെ പിന്‍ഭാഗംകൊണ്ട് ഇടിച്ചുവെന്നും പരാതിയില്‍ രാജ്‍കുമാര്‍ വ്യക്തമാക്കുന്നു. സുഷില്‍ യാദവ് എന്നയാളും ബന്ധുക്കളും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് ഇയാള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 

സംഭവത്തില്‍ ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. '' ഇങ്ങനെയാണോ ഒരു കുട്ടിയെ മര്‍ദ്ദിക്കുന്നത് ? ഇവിടെ റോഡിലൂടെ വാഹനമോടിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ ? '' മന്ത്രി ചോദിച്ചു.