എറണാകുളം: സെൻട്രൽ ടെക്സ്റ്റ് ബുക്ക് സ്റ്റോർ കീപ്പർ കൊച്ചി മുളവുകാട് കരിയാപുരം കെജെ ജോസഫിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി നാലു വർഷം കഠിന തടവിന് ശിക്ഷിച്ചു. 60000 രൂപ പിഴയും അടക്കണം. പിഴ അടക്കാതിരുന്നാൽ അഞ്ച് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. 

എറണാകുളം സെൻട്രൽ ടെക്സ്റ്റ് ബുക്ക് സ്റ്റോറിന്‍റെ മട്ടാഞ്ചേരി ഗോഡൗണിൽ പേപ്പർ റീലുകൾ മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു എന്നു കാണിച്ച് കൃത്രിമമായി ബില്ലുണ്ടാക്കി പണം തട്ടാൻ  ശ്രമിച്ച കേസ്സിലാണ് വിജിലൻസ് ജഡ്ജി ഡോ. ബി. കലാംപാഷ ശിക്ഷ വിധിച്ചത്. 

2,89,908 രൂപയാണ് ഇയാളും കരാറുകാരനും തട്ടിയെടുക്കാൻ ശ്രമിച്ചത്.  ബില്ലിൽ കൃത്രിമമുണ്ടെന്ന് സംശയം തോന്നിയ തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് ഓഫീസർ ഇത് പാസ്സാക്കാതെ മടക്കി അയച്ചു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.  1997 ലാണ് സംഭവം നടന്നത്.  

പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് ലീഗൽ അഡ്വൈസർ എല്‍ആര്‍ രജ്ഞിത് കുമാർ ഹാജരായി.  കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതിയായ കരാറുകാരൻ നേരത്തെ മരിച്ചിരുന്നു.