ദില്ലി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ടകൊലപാതകം. ബിജെപി നേതാവും വിവരാവകാശപ്രവര്‍ത്തകനുമായ സുൽഫിക്കർ ഖുറേഷിക്കും മകനുമാണ് ജീവൻ നഷ്ടമായത്. ദില്ലിയിലെ നന്ദ്നഗരിയിൽ ഇന്നലെ രാവിലെ നടന്ന ആക്രമണത്തിൽ സുല്‍ഫിക്കര്‍ തത്ക്ഷണം മരിച്ചപ്പോൾ മകന് ജീവൻ നഷ്ടമായത് ആശുപത്രിയിൽ വച്ചാണ്.

വീടിന് സമീപമുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുമ്പോളായിരുന്നു സുല്‍ഫിക്കറിന് നേരെ ആക്രമണമുണ്ടായത്. അക്രമിസംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയെറ്റ സുല്‍ഫിക്കറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

അക്രമികളെ തടയാൻ ശ്രമിച്ചപ്പോളാണ് മകൻ ജൻ ബാസിന് കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മകൻ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ വിശദമാക്കുന്നത്.