വാളയാര്‍ അണക്കെട്ടില്‍ കാണാതായ തമിഴ്നാട് സ്വദേശികളായ മൂന്നു വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. പൂർണേഷ്, ആന്റോ, സഞ്ജയ് എന്നിവരാണ് മരിച്ചത്

പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കാണാതായ തമിഴ്നാട് സ്വദേശികളായ മൂന്നു വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. പൂർണേഷ്, ആന്റോ, സഞ്ജയ് എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍ പെട്ടത്. അപകടം പതിവായ അണക്കെട്ടിൽ സുരാക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് നിരവധിപേർ എത്തുന്നുണ്ട്.

നേവി, ഫയർഫോഴ്‌സ്, പൊലീസ്, സിവിൽ ഡിഫൻസ് , പരപ്പനങ്ങാടിയിൽ നിന്നുള്ള ട്രോമ കെയർ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തത്. കോയമ്പത്തൂർ കാമരാജ് നഗർ സ്വദേശി പൂർണേഷിന്‍റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. 

ഉച്ചയോടെ സുന്ദരപുരം സ്വദേശികളായ ആന്‍റോയുടെയും സഞ്ജയ് കൃഷ്ണൻ്റെയും മൃതദേഹം കിട്ടി. കോയമ്പത്തൂര്‍ ഒറ്റക്കാല്‍ മണ്ഡപം ഹിന്ദുസ്ഥാന്‍ പോളി ടെക്നിക്കിലെ വിദ്യാര്‍ത്ഥികളായിരുന്നു മൂവരും. അണക്കെട്ടിലേക്ക് ആളുകൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞു. വിദ്യാര്‍ഥികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നല്‍കി. ആറ് വർഷത്തിനിടെ 26 പേരാണ് വാളയാർ അണക്കെട്ടിൽ പലപ്പോഴായി മുങ്ങി മരിച്ചത്. ഇതിൽ 17 പേരും തമിഴ്നാട് സ്വദേശികളാണ്.