പതിനാറാം തീയതിയാണ് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ഭീഷണി കത്ത് എത്തിയത്. 

കണ്ണൂർ: ഏഴിമല നാവിക അക്കാദമി ബോംബ് വച്ച് തകർക്കുമെന്ന് അജ്ഞാതന്‍റെ കത്ത്. ഭീഷണിയെ തുടർന്ന് പൊലീസ് ഡോഗ് സ്വാഡും, ബോംബ് സ്വാഡും നേവൽ അക്കാദമി പരിസരത്ത് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

പതിനാറാം തീയതിയാണ് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ഭീഷണി കത്ത് എത്തിയത്. ഇന്ത്യക്കാർ വലിയ സംഭവമാണെന്നാണ് വിചാരമെന്നും ഞങ്ങൾ എന്തു ചെയ്യുമെന്നുള്ളത് നിങ്ങൾക്ക് ഉടൻ മനസ്സിലാക്കുമെന്നും കത്തിൽ പറയുന്നു.

അന്വേഷണം പയ്യന്നൂർ പൊലീസിലേക്ക് കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്. അക്കാദമിയുടെ പ്രധാന കവാടങ്ങളിലും സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. നാവിക അക്കാദമിക്കും സന്ദേശം കൈമാറിയിട്ടുണ്ട്. ജാമ്യമില്ല കുറ്റമായതിനാൽ കോടതിയുടെ അനുമതിയോടെയായിരുന്നു പൊലീസ് നടപടി.