ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നൈനിതാളില്‍ വ്യവസായി വെടിയേറ്റ് മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഭുപ്പി പാണ്ഡെ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ശിവസേന നേതാക്കളായ ഗൗരവ് ഗുപ്തയും സൗരവ് ഗുപ്തയുമാണെന്ന് നൈനിതാള്‍ സീനിയര്‍ എസ്‍പി സുനില്‍കുമാര്‍ മീണ പറഞ്ഞു. ഇരുവരും സഹോദരങ്ങളാണ്. ഒരാള്‍ അറസ്റ്റിലായെന്നും മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

അതേസമയം, പൊലീസിനെതിരെയും ആരോപണമുയര്‍ന്നു. തനിക്കും കുടുംബത്തിനും പ്രതികളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി പൊലീസ് ഗൗരവമായി കണ്ടില്ല. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ഇരുചക്ര വാഹനത്തില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുന്ന സമയത്താണ് ഇരുവരും പാണ്ഡയെ തടഞ്ഞു നിര്‍ത്തി വെടിവെച്ചത്. നെഞ്ചില്‍ ആറ് വെടിയേറ്റ പാണ്ഡെ തല്‍ക്ഷണം മരിച്ചു. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയാണ് സൗരവ് ഗുപ്തയെ പിടികൂടിയത്. പൊലീസിന് കൈമാറും മുമ്പ് നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.