ദില്ലി: ബന്ധു ഉള്‍പ്പെടെ രണ്ടുപേരെ കൊല്ലാന്‍ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികളെ  ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം.  ചൊവ്വാഴ്ചയാണ് ദില്ലിയിലെ ഷഹ്ദരയില്‍ വച്ച് വാടകക്കൊലയാളികള്‍ പിടിയിലാകുന്നത്. അതിസാഹസികമായി വെടിവെപ്പിലൂടെയാണ് കൊലയാളികളെ പൊലീസ് അറസ്റ്റ് ചെയ്ത്.

രണ്ട് പേരെ കൊലപ്പെടുത്താന്‍ മുംബൈ വ്യവസായി വാടക കൊലയാളികള്‍ക്ക് പണം നല്‍കി ഏര്‍പ്പാടാക്കുകയായിരുന്നെന്നാണ് ആരോപണം. ഇതില്‍ ഒരു സ്ത്രീ വ്യവസായിയുടെ ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. ബൈക്കില്‍ രക്ഷപ്പെടുകയായിരുന്ന കൊലയാളികളെ പൊലീസ് തടഞ്ഞു. ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെ പൊലീസും തിരിച്ച് വെടിവെച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിയായ താജ് മുഹമ്മദ്, ഹരിയാനയിലെ പാനിപ്പത്ത് സ്വദേശി ലിയാകാത് അലി എന്നിവരാണ് പിടിയാലയത്. വെടിവെപ്പില്‍ ഇതില്‍ ഒരാളുടെ കാലിന് പരിക്കേറ്റു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണെന്നും കൊലയാളികള്‍ക്ക് പണം നല്‍കിയത് വ്യവസായിയാണെന്നതിന് തെളിവ് ലഭിച്ചാല്‍ ഉടന്‍ അയാളെയും അറസ്റ്റ് ചെയ്യുമെന്നും ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.