മനീഷ് ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിക്കുന്നു. എന്നാൽ വെടിയേൽക്കുന്നത് താഴെ നിൽക്കുന്ന തന്റെ സുഹൃത്തിനാണ്.

ലക്നൌ: ആഹ്ളാദത്തോടെ നടക്കേണ്ട വിവാഹം അതിരുവിട്ട ആഘോഷം കാരണം മരണത്തിലേക്ക് എത്തിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാഹ ദിവസം വരൻ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തിൽ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോൻഭദ്ര ജില്ലയിലെ ബ്രഹ്മനഗർ ഏരിയയിലാണ് സംഭവം. 

രഥത്തിൽ നിൽക്കുന്ന വരൻ മനീഷ് മദേശിയ. ചുറ്റും കൂടി നിൽക്കുന്ന പരിവാരങ്ങൾ. മനീഷ് ആകാശത്തേക്ക് വെടിയുതിർക്കാൻ ശ്രമിക്കുന്നു. എന്നാൽ വെടിയേൽക്കുന്നത് താഴെ നിൽക്കുന്ന തന്റെ സുഹൃത്തിനാണ്. ആർമി ജവാൻ ബാബു ലാൽ യാദവാണ് മരിച്ചത്. വരൻ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു.

വരനും യാദവും സുഹൃത്തുക്കളാണെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിർത്ത ഉടൻ തന്നെ യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. യാദവിന്റെ കുടുംബത്തിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വരനെ അറസ്റ്റ് ചെയ്തു. വെടിവെപ്പിന് ഉപയോഗിച്ച തോക്കും പിടിച്ചെടുത്തിട്ടുണ്ട്.

ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ചാണെങ്കിൽ പോലും, കല്യാണവീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള പൊതുയോഗങ്ങളിൽ ആഘോഷപൂർവം വെടിയുതിർക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്.

Scroll to load tweet…