കാസര്‍കോട്: കാസർകോട് സ്വകാര്യ ധനകാര്യ സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ചിട്ടിയിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപയുമായി നടത്തിപ്പുകാർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ചന്ദ്രഗിരി ചിട്ട് ഫണ്ട്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. 

പെരുമ്പള സ്വദേശി രജിത് കുമാർ, കളനാട് സ്വദേശി ദീപേശ്, പരവനടുക്കം സ്വദേശി ഉണ്ണി, ബേക്കൽ സ്വദേശി നികേഷ് എന്നിവർ ചേർന്നാണ് ധനകാര്യ സ്ഥാപനം തുടങ്ങിയത്. ചിട്ടിക്ക് പുറമെ സ്വർണമടക്കം പലതരത്തിലുള്ള നിക്ഷേപങ്ങളും ഇടപാടുകാർ നടത്തിയിരുന്നു. ഉയർന്ന പലിശ നിരക്കുകളില്‍ ആകൃഷ്ടരായാണ് പലരും നിക്ഷേപം നടത്തിയത്. 

ധാരണാപത്രവും ബാങ്ക് ചെക്കുകളും നൽകിയാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. കാലാവധികഴിഞിട്ടും ചിട്ടി തുകയും നിക്ഷേപ തുകയും തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. മുന്നൂറിലധികം പേർ തട്ടിപ്പിന് ഇരയായതായാണ് സൂചന. മത്സ്യ തൊഴിലാളികളടക്കം സാധാരണക്കാരും ഇതിൽപ്പെടും. സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെട്ടതായാണ് സൂചന.