മുംബൈ: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കോച്ചിംഗ് സ്ഥാപന ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മുംബൈയിലെ മയങ്ക് ടൂട്ടോറിയല്‍സിന്‍റെ ഉടമസ്ഥനായ മയങ്ക് മന്‍ഡോട്ടാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന ഗണേഷ് മയങ്കിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കോച്ചിഗ് സ്ഥാപനത്തിലെ ജോലിയില്‍ നിന്നും ഗണേഷിനെ മയങ്ക് പിരിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദവും ഉണ്ടായി. തുടര്‍ന്ന് വഴക്കിനിടെ ഗണേഷ് മയങ്കിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ് നിലത്തുവീണ മയങ്ക് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.  ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.