Asianet News MalayalamAsianet News Malayalam

മത്തായിയുടെ മരണം; വനപാലകരുടെ മൊഴികളില്‍ വൈരുദ്ധ്യം, നിര്‍ണായക കണ്ടെത്തല്‍

ഫോറസ്റ്റ് ഓഫീസിലെ ജിഡിയും കസ്റ്റഡി രേഖകളും ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പ് രേഖകൾ തിരുത്താൻ ശ്രമിച്ചതായാണ് വിവരങ്ങള്‍. രണ്ട് ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാകാനും ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി

Contradiction in forest officers statements in mathayi death case
Author
Pathanamthitta, First Published Aug 2, 2020, 9:10 AM IST

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ വനപാലകരുടെ മൊഴിയില്‍ വൈരുദ്ധ്യം. കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ നാല് വനപാലകരുടെ മൊഴിയെടുത്തിരുന്നു. ഇവരുടെ മൊഴിയിലാണ് വൈരുദ്ധ്യമുള്ളത്. മത്തായിയെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

വനപാലകരുടെ മൊഴികളിലെ വൈരുദ്ധ്യം കൂടെ കണക്കിലെടുമ്പോള്‍ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വരാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസിലെ ജിഡിയും കസ്റ്റഡി രേഖകളും ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. വനം വകുപ്പ് രേഖകൾ തിരുത്താൻ ശ്രമിച്ചതായാണ് വിവരങ്ങള്‍. രണ്ട് ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാകാനും ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി.

അതേസമയം, കേസില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേരളകോൺഗ്രസ് റാന്നി വനംവകുപ്പ് ഓഫീസിന് മുന്നിൽ ഇന്ന് ധർണ നടത്തും. പിജെ ജോസഫ് ധർണ ഉദ്ഘാടനം ചെയ്യും. ഇതിനിടെ പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ മരണത്തെ തുടർന്ന് സ്ഥലം മാറ്റിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുതിയ സ്ഥലങ്ങളിൽ ഉടൻ ജോലിയിൽ പ്രവേശിക്കില്ലെന്ന് ഉറപ്പായി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ നിർബന്ധിത അവധിയിലുള്ള ഉദ്യോഗസ്ഥർ അവധി നീട്ടിയേക്കും.

നിലവിൽ വടശ്ശേരിക്കര റെയ്ഞ്ചിലെ ഉദ്യോഗസ്ഥരായിരുന്ന ഇവരെ തൊട്ടടുത്തുള്ള റെയ്ഞ്ചുകളിലേക്ക് തന്നെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. റാന്നി ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. 

Follow Us:
Download App:
  • android
  • ios