ഡള്ളസ്: അമേരിക്കയിലെ ഡള്ളസില്‍ അയല്‍ക്കാരനെ വെടിവച്ചുകൊലപ്പെടുത്തിയ പൊലീസുകാരിയുടെ കേസില്‍ വിചാരണയ്ക്കിടയില്‍ വഴിത്തിരിവ്. സെപ്തംബര്‍ 6,2018ലാണ് സംഭവം നടന്നത്. ഇതിന്‍റെ വിചാരണ നേരിടുകയാണ് അംബര്‍ ഗേജര്‍ എന്ന 31കാരിയായ മുന്‍ പൊലീസുകാരി. പൊലീസ് യൂണിഫോമിലായിരുന്ന അംബര്‍ വീട്ടിലേക്ക് വരുകയും ഫ്ലാറ്റ് മാറിപ്പോയി അയല്‍വാസിയുടെ ഫ്ലാറ്റില്‍ കയറുകയും അവിടുത്തെ താമസക്കാരനായ ബോത്തം ജീന്‍ എന്ന 26-കാരന്‍ അക്കൗണ്ടന്‍റിനെ വെടിവച്ചു എന്നതുമാണ് കേസ്.

അന്നു തന്നെ അംബര്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ഡള്ളസ് പൊലീസ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഈ കേസിലെ വിചാരണ അടുത്തിടെയാണ് തുടങ്ങിയത്. വിചാരണയില്‍  അസിസ്റ്റന്‍റ് ഡിസ്ട്രിക്ക് അറ്റോര്‍ണി ജെസണ്‍ ഹെര്‍മസ് ആണ് കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. പൊലീസുകാരിയുടെ അശ്രദ്ധയാണ് ഇവരെ ജീനിന്‍റെ വീട്ടില്‍ എത്തിച്ചത് എന്നാണ് പറയുന്നത്.

അറ്റോര്‍ണി കോടതിയില്‍ പറഞ്ഞത് ഇങ്ങനെ, ജീന്‍ കറുത്തവര്‍ഗക്കാരനാണ്. അംബര്‍ വെളുത്തവര്‍ഗക്കാരിയും. അതിനാല്‍ തന്നെ കറുത്തവര്‍ക്കെതിരായ അതിക്രമം എന്ന നിലയില്‍ തന്നെ കണക്കാക്കേണ്ടി വരും. എന്നാല്‍ തന്നോടൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരനുമായി സെക്സ് ചാറ്റിലായിരുന്നു വീട്ടിലേക്ക് കയറുന്നതിനിടെ അംബര്‍ എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിലൂടെ തന്‍റെ വീട് ഏതാണെന്ന് മനസിലാകാതെ പൊലീസുകാരി ജീനിന്‍റെ വീടില്‍ കയറുകയായിരുന്നു. ഈ സമയം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ജീന്‍ പെട്ടെന്ന് വീടിന്‍റെ വാതില്‍ തുറന്ന് ഒരു പൊലീസുകാരി കയറി വന്നതില്‍ പരിഭ്രമിച്ചു. 

വാതില്‍ തുറന്നതിന് ശേഷമാണ് തന്‍റെ സഹപ്രവര്‍ത്തകനുമായുള്ള സെക്സ് ചാറ്റ് അംബര്‍ അവസാനിപ്പിച്ചത്. തന്‍റെ വീടാണെന്ന് കരുതി മുന്നിലേക്ക് നോക്കിയ അംബര്‍ കണ്ടത് ആകെ പരിഭ്രമിച്ചിരിക്കുന്ന ജീനിനെ ഇതോടെ പൊലീസുകാരി തന്‍റെ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. കള്ളനാണ് എന്ന ധാരണയിലാണ് വെടിവച്ചത് എന്നാണ് അംബര്‍ പറയുന്നത്. എന്നാല്‍ കറുത്തവര്‍ഗക്കാരനായാല്‍ ഒരു ചോദ്യവും ഇല്ലാതെ വെടിവയ്ക്കാമോ എന്ന ചോദ്യം പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നു. അംബറിന്‍റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ നിന്നാണ് അംബറിനെ വഴിതെറ്റിച്ച സെക്സ് ചാറ്റ് കണ്ടെടുത്തത്. സഹപ്രവര്‍ത്തകനായ പൊലീസുകാരനും അത് സമ്മതിച്ചിട്ടുണ്ട്. 

കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 12 അംഗ ജൂറിയാണ് കേസ് കേള്‍ക്കുന്നത്. ഇതില്‍ 5 പേര്‍ കറുത്തവര്‍ഗക്കാരാണ്. 8 പേര്‍ ജൂറിയില്‍ സ്ത്രീകളാണ്. നാലുപേര്‍ പുരുഷന്മാരാണ്. ആദ്യ വാദത്തില്‍ ജീനിന്‍റെ സഹോദരിയുടെ മൊഴിയും. രണ്ട് ഡള്ളസ് പൊലീസ് ഉദ്യോഗസ്ഥരുടെയും വാദം ജൂറിയും കോടതിയും കേട്ടു.