പാലക്കാട്: കൊല്ലങ്കോട് ചാരായ വാറ്റ് നിർമാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കൊല്ലങ്കോട് സ്വദേശി പളനി സ്വാമി, തൃശ്ശൂർ സ്വദേശി സുഭാഷ് ബാബു എന്നിവരെ എക്സൈസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും കൊല്ലങ്കോട് റേഞ്ചും സംയുക്തമായി ഇന്നലെ അർധരാത്രി നടത്തിയ റെയ്‌ഡിലാണ് ചാരായ വാറ്റ് നിർമാണകേന്ദ്രം കണ്ടെത്തിയത്. 

കൊല്ലങ്കോട് രവിചള്ളയിലുള്ള കെട്ടിടത്തിൽ നിന്ന് മൂന്ന് ലിറ്റർ ചാരായം, ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ എക്സൈസ് പിടിച്ചെടുത്തു. പിടിയിലായ പളനി സ്വാമിയും സുഭാഷ് ബാബുവും ഇതിന് മുൻപും ചാരായ വാറ്റ് കേസിൽ പിടിക്കപ്പെട്ടവരാണ്. സുഭാഷ് ബാബുവാണ് കെട്ടിടം വാടകക്ക് എടുത്തത്. 

ഒറ്റ ലിറ്റർ ചാരായം 1200 രൂപ നിരക്കിലാണ് ഇവർ കൊല്ലങ്കോട് മേഖലയിൽ വിൽപ്പന നടത്തിയിരുന്നത്. മൂന്ന് ഏക്കർ വരുന്ന കൃഷിയിടത്തിലുള്ള കെട്ടിടം ആരും ശ്രദ്ധിക്കാത്ത നിലയിലായിരുന്നു. പകൽ സമയം കെട്ടിടം പൂട്ടിയിടും. ലോക്ക് ഡൗൺ കാലയളവിൽ കൊല്ലങ്കോട് മേഖലയിൽ വൻ തോതിൽ ചാരയം നിർമ്മിക്കുന്നുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.