ദില്ലി: മക്കളെ കഴുത്തറുത്ത് കൊന്ന് ദമ്പതികള്‍ എട്ടാം നിലയിലെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍നിന്ന് ചാടി ജീവനൊടുക്കി. ദില്ലിയിലെ ഗാസിയാബാദില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ദമ്പതികള്‍ മരിക്കുകയും എന്നാല്‍ ഇവര്‍ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീ ഗുരുതരപരിക്കുകളോടെ ചികിത്സയിലുമാണ്. 

ഗുരുതര പരിക്കേറ്റ സ്ത്രീ, ജീവനൊടുക്കിയ ഫാക്ടറി ഉടമയുടെ ബിസിനസ് പങ്കാളിയാണെന്നും അല്ലാ, രണ്ടാം ഭാര്യയാണെന്നുമെല്ലാമുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദമ്പതികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ദിരാപുരത്തെ വൈഭവ് ഖന്ദിലെ വീട്ടില്‍നിന്ന് അത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 

ഒരു ആണ്‍ കുട്ടിയും പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്. കഴുത്തറുക്കുന്നതിന് മുമ്പ് ഇവര്‍ മക്കളെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിനൊപ്പം കുറച്ച് പണവും ഉണ്ടായിരുന്നു. ഇവരുടെ സംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതിനുള്ളതാണ് ഈ പണമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

'' രണ്ട് കുട്ടികളുടെ മൃതദേഹം ഫ്ലാറ്റില്‍നിന്നാണ് കിട്ടിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് കരുതുന്നത്. '' - സീനിയര്‍ പൊലീസ് ഓഫീസര്‍ സുധീര്‍ കുമാര്‍ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ആണ്‍കുട്ടിക്ക് 13 വയസ്സും പെണ്‍കുട്ടിക്ക് 11 വയസ്സുമാണ് പ്രായം. ഇയാളുടെ ബിസിനസ് തകരുകയും പലര്‍ക്കായി നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ചെയ്തിരുന്നു.