ജോധ്പൂര്‍: ഗോത്രത്തിന്‍റെ സമ്മതമില്ലാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച കമിതാക്കള്‍ക്ക് ക്രൂരപീഡനം. സ്ത്രീയെയും പുരുഷനേയും ഒരു സംഘം ആക്രമിച്ച്  മൂത്രം കുടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇരുവരേയും ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

പരസ്പരം സ്നേഹിക്കുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാനായി കഴി‍ഞ്ഞ ശനിയാഴ്ച  ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് ഇവരുടെ ഗോത്രത്തില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് ഇരുവരേയും അന്വേഷിച്ച് കണ്ടെത്തുകയും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ഇരുവരുടെയും മുടി വെട്ടിമാറ്റിയ ശേഷം ചെരുപ്പ് മാലയണിയിക്കുകയും സിഗരറ്റ് കുറ്റികള്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരേയും കൊണ്ട് മൂത്രം കുടുപ്പിക്കുകയും ചെയ്തു. 

അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നെത്തിയ പൊലീസാണ് ഇരുവരേയും രക്ഷിച്ചത്. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.