ഛത്തീസ്ഗണ്ഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. ഛത്തീസ്​ഗണ്ഡിലെ ​​ഗ്രാമത്തിലാണ് സംഭവം. രണ്ട് പേരാണ് സംഭവത്തില്‍ ഉൾപ്പെട്ടിരിക്കുന്നത്. ഒരാളെക്കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 

കൊവിഡ് രോ​ഗിയാണെന്നും തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് മരുന്ന് ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇവർ  വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പ്രതിഭ പാണ്ഡേ പറഞ്ഞു. 'കൊവിഡ് 19 ചികിത്സയ്ക്കായി സഹോദരിയെ വീട്ടിൽ നിന്ന് രണ്ട് പേർ വിളിച്ചു കൊണ്ട് പോയി എന്ന് പെൺകുട്ടിയുടെ ഇളയ സഹോദരങ്ങൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തിരികെ വീട്ടിലെത്തിയതിന് ശേഷം പെൺകുട്ടിയാണ് താൻ ബലാത്സം​ഗത്തിനിരയായ വിവരം മാതാപിതാക്കളോട് പറഞ്ഞത്.' പ്രതിഭ പാണ്ഡേ പറഞ്ഞു. 

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൻ മേൽ ആൺകുട്ടികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടാമത്തെ പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.