പുത്തൂർ: അവിഹിതമുണ്ടെന്നാരോപിച്ച് നിരന്തരമായി ആക്ഷേപിച്ചതിനെ തുടർന്നാണ് അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നതെന്ന് മരുമകളുടെ വെളിപ്പെടുത്തൽ. വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെയാണ് മരുമകൾ ​ഗിരിത കല്ലു കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച തെളിവെടുപ്പിനായി വെണ്ടാറിലെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു അമ്മായിയമ്മയെ കൊന്നതിന് പിന്നിലുള്ള കാരണം ​ഗിരിത പൊലീസിനോട് വെളിപ്പെടുത്തിയത്.

ദീർഘകാലമായി വീട്ടുകാർ തമ്മിൽ വഴക്കായിരുന്നുവെന്നും പാചകം ചെയ്തിരുന്നതുപോലും വെവ്വേറെയായിരുന്നുവെന്നും ​ഗിരിത പൊലീസിനോട് വിശദീകരിച്ചു. 2015 മുതൽ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ രമണിയമ്മ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നു. കുട്ടികളുടെ മുന്നിൽവച്ച് പോലും ഇത്തരത്തിൽ തന്നെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടറായ ഭർത്താവിനോടൊപ്പം വയനാട്ടിൽ പോയി കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് 2019ലാണ് വെണ്ടാറിലേക്ക് മടങ്ങിയെത്തിയത്.

താൻ മടങ്ങിയെത്തിയപ്പോഴും രമണിയമ്മ പഴയതുപോലെ തുടർന്നു. ഇതിൽ സഹിക്കെട്ടപ്പോൾ രമണിയമ്മയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 11ന് മകൻ പരീക്ഷയ്ക്ക് സ്കൂളിൽപ്പോയ സമയത്തായിരുന്നു രമണിയെമ്മയെ ഇല്ലാതാക്കാൻ തീരുമാനിച്ചത്. വീട്ടിനുള്ളിൽ ആരുമില്ലെന്ന ഉറപ്പാക്കിയശേഷം മുറ്റത്തു നിന്ന്‌ തുണി അലക്കാനുപയോഗിച്ചിരുന്ന കല്ല് സഞ്ചിയിലെടുത്തു കൊണ്ടുവന്ന് അർധമയക്കത്തിലായിരുന്ന അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.

അടിയേറ്റതിന് പിന്നാലെ രമണിയമ്മ ചാടിയെഴുന്നേറ്റു. തുടർന്ന് രണ്ടുതവണകൂടി രമണിയമ്മയുടെ തലയിൽ കല്ലുപയോ​ഗിച്ച് ആഞ്ഞടിച്ചെന്നും ​ഗിരിത പറഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് രമണിയമ്മയെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്തുനിന്നുതന്നെ ഗിരിതയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആക്രണണത്തിന് ഉപയോ​ഗിച്ച ഒൻപതുകിലോയോളം തൂക്കമുള്ള കല്ല് പൊലീസ് സംഭവസ്ഥലത്തുനിന്ന്‌ കണ്ടെടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ 15-ന് രാത്രിയിലാണ് രമണിയമ്മ മരിച്ചത്. എന്നാൽ ഗിരിതയുടെ വാക്കുകൾ പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, തെളിവെടുപ്പിനായി ഭർതൃവീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ഗിരിതയിൽ യാതൊരു ഭാവഭേദവും ഇല്ലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാരിൽ ചിലർ ഇവർക്കുനേരേ അസഭ്യവർഷവും നടത്തിയിരുന്നു.