വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അമൃത്സർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.

കണ്ണൂർ: വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അമൃത്സർ വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്.

2019-ലാണ് സംഭവം. പ്രവർത്തനമാരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ഒനാസിസ് യുവാക്കളെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം നൽകിയാൽ ജോലി എന്നായിരുന്നു വാഗ്ദാനം. അഡ്വാൻസായി രണ്ടര ലക്ഷവും, ബാക്കി ജോലി കിട്ടിയ ശേഷവും എന്നാണ് പറഞ്ഞിരുന്നത്.

80 പേരിൽ നിന്ന് ഇയാൾ പണം വാങ്ങി. വിദേശത്തേക്ക് പോകാൻ വിസ തരപ്പെടുത്താമെന്ന് പറഞ്ഞും ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നു. ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങി.പണം നഷ്ടമായവർ പരാതി നൽകിയതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. 

ചക്കരക്കൽ, തലശ്ശേരി, പിണറായി, എടക്കാട്, കണ്ണൂർ ടൗണ്‍ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. അന്വേഷണത്തിൽ ഒനാസിസിന്‍റെ സഹായിയായ രാജേഷ് എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎഇയിൽ നിന്ന് ഇന്നലെ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് ഒനാസിസ് അറസ്റ്റിലാകുന്നത്. ഒനാസിസിനെ പൊലീസ് കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona