ദില്ലി: ദില്ലിയില്‍ 20 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 13കാരനായ മകന്റെ മുന്നില്‍ പിതാവിനെ തല്ലിക്കൊലപ്പെടുത്തി. 38കാരനായ രൂപേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ദില്ലിയിലെ ബുരാരിയിലാണ് സംഭവം. സംഭവത്തില്‍ സഹോദരങ്ങളായ സന്തോഷ്, സരോജ് എന്നിവരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ബാര്‍ബര്‍ ഷോപ്പിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മകനൊപ്പമാണ് രൂപേഷ് വീടിന് സമീപത്തെ സലൂണില്‍ താടി ഷേവ് ചെയ്യാന്‍ പോയത്. ഷേവ് ചെയ്തതിന് ശേഷം 50 രൂപ വേണമെന്ന് കടക്കാരന്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ 50 രൂപ മാത്രമേ കൈയിലുള്ളൂവെന്നും 20 രൂപ പിന്നെ തരാമെന്നും രൂപേഷ് പറഞ്ഞെങ്കിലും കടക്കാരനും സഹോദരനും അനുവദിച്ചില്ല. തര്‍ക്കം അടിപിടിയിലേക്കെത്തി. പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ഇരുവരും രൂപേഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയാരുന്നു.

പിതാവിന്റെ ജീവന് വേണ്ടി മകന്‍ അക്രമികളുടെ കാലുപിടിച്ചെങ്കിലും ഇവര്‍ അവഗണിച്ചു. നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. ആരും ഇയാളെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല. ചിലര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.