ദില്ലി: പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്ന ബേക്കറി ജീവനക്കാരനെ യുവാവ് ഇഷ്ടിക കൊണ്ട തലക്കടിച്ച് കൊലപ്പെടുത്തി. വടക്ക് കിഴക്കന്‍ ദില്ലിയിലെ ദയാല്‍പുരിലെ ബേക്കറിയിലാണ് ഖലീല്‍ അഹമ്മദ് എന്ന മധ്യവയസ്കന്‍ കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ 15- നാണ് സംഭവം. 24 കാരനായ ഫൈസാന്‍ ഖാന്‍ ബേക്കറിയിലെത്തി ഭക്ഷണം കഴിച്ച ശേഷം പ്ലാസ്റ്റിക് കവര്‍ ആവശ്യപ്പെട്ടു. കടയില്‍ പ്ലാസ്റ്റിക് കവറിന്‍റെ ഉപയോഗം നിര്‍ത്തിയെന്ന് ബേക്കറി ജീവനക്കാരന്‍ ഫൈസാന്‍ ഖാനോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇതിന്‍റെ പേരില്‍ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഇഷ്ടിക കൊണ്ട് ഫൈസാന്‍ ഖാന്‍ ഖലീല്‍ അഹമ്മദിന്‍റെ തലക്കടിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റ്‍ ചെയ്തു. എന്നാല്‍ കൊലപാതകത്തിന് പിന്നാലെ ഫൈസാന്‍ ഖാന്‍ ഒളിവിലാണ്.