കൊല്ലം: കരുനാഗപ്പളളിയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ഡീസല്‍ മോഷണം പതിവാകുന്നു. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബസുകളില്‍ നിന്ന് 87000 രൂപയുടെ ഡീസലാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. പ്രതിഷേധവുമായി ബസ് ഉടമകള്‍ രംഗത്തെത്തി. 

ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന 5 ബസുകളില്‍ നിന്നാണ് കളളന്‍മാര്‍ 1,100 ലീറ്റര്‍ ഡീസല്‍ കവര്‍ന്നത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെയായിരുന്നു ഡീസല്‍ കവര്‍ച്ച. നഷ്ടം 87,000 രൂപ.

നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡീസലും ബസിന്റെ ബാറ്ററിയുമൊക്കെ അടിച്ചു മാറ്റിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്. സംഭവത്തെ പറ്റി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.