Asianet News MalayalamAsianet News Malayalam

LIVE || 'കൊല്ലുമെന്ന് പറഞ്ഞാൽ ഗൂഢാലോചന ആവില്ലെ'ന്ന് ഹൈക്കോടതി, പറച്ചിൽ അല്ലെന്ന് സർക്കാർ

ദിലീപ് വെറുതെ കൊല്ലുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ഗൂഢാലോചനയാവില്ല എന്ന് സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി പറഞ്ഞത്. എന്നാൽ ദിലീപ് അത് വെറുതെ പറഞ്ഞതല്ല, പ്രവൃത്തിയുണ്ടായി എന്ന് തെളിയിക്കാനാകും എന്ന് സർക്കാർ മറുപടി. 

Dileep Consipracy Case High Court Arguments And Order Live Updates
Author
Kochi, First Published Jan 22, 2022, 11:23 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന കേസിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ഹൈക്കോടതി. വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിച്ചത്. 

എന്നാൽ കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ 'പത്മസരോവരം' എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡിവൈഎസ്പി സോജൻ, ആലുവ റൂറൽ എസ്പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു. 

ഇന്നലെ ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. എന്നാൽ കൂടുതൽ സമയമെടുത്ത് വാദം കേൾക്കേണ്ട കേസായതിനാൽ ഇതിന് പ്രത്യേക സിറ്റിംഗ് അനുവദിക്കുന്നതായി ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാവിലെ പത്തേകാലിനാണ് കേസിൽ പ്രത്യേക സിറ്റിംഗ് തുടങ്ങിയത്. 

നിർണായകമായ വാദങ്ങളാണ് ഇന്ന് ഹൈക്കോടതിയിൽ നടക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധിയുണ്ടാവുകയും ദിലീപിന്‍റെ മുൻകൂർ ജാമ്യം തള്ളുകയും ചെയ്താൽ അറസ്റ്റുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിർണായകമായ തെളിവുകൾ ഗൂഢാലോചന ഉൾപ്പടെ ഉള്ള കുറ്റങ്ങൾക്ക് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. 'പത്മസരോവരം' എന്ന ദിലീപിന്‍റെ വീട്ടിലും, സഹോദരൻ അനൂപിന്‍റെ വീട്ടിലും, ചിറ്റൂർ റോഡിലുള്ള 'ഗ്രാൻഡ് പ്രൊഡക്ഷൻസ്' എന്ന ദിലീപിന്‍റെയും അനൂപിന്‍റെയും നിർമാണക്കമ്പനിയിലും അടക്കം നടത്തിയ റെയ്‍ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നാണ് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.

ദിലീപിന് വേണ്ടി പ്രതിഭാഗം പറയുന്നതെന്ത്?

ദിലീപിന് വേണ്ടി അഡ്വ. ബി രാമൻ പിള്ളയാണ് ഹാ‍ജരായിരിക്കുന്നത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാ‍ജരായതും ബി രാമൻ പിള്ള അസോസിയേറ്റ്‍സ് ആയിരുന്നു. 

സംവിധായകൻ ബാലചന്ദ്രകുമാർ പ്രോസിക്യൂഷൻ കെട്ടിയിറക്കിയ സാക്ഷിയാണെന്ന് ദിലീപിന്‍റെ അഭിഭാഷകൻ വാദിക്കുന്നു. വിചാരണക്കോടതിയിൽ നിന്ന് കേസ് കൈവിട്ട് പോകുമെന്ന് സൂചന കിട്ടിയപ്പോൾ ഇല്ലാത്ത സാക്ഷികളെ സൃഷ്ടിച്ച് കേസ് വഴി തിരിച്ച് വിടാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷൻ ഇപ്പോൾ ശ്രമം നടത്തുന്നത്. വിചാരണക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കുകയാണ്. ഇത് എങ്ങനെയെങ്കിലും നീട്ടാനാണ് പ്രോസിക്യൂഷൻ ശ്രമമെന്നും ദിലീപിന്‍റെ അഭിഭാഷകർ ആരോപിക്കുന്നു. 

വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് ചോദിച്ച കോടതിയുടെ പരാമർശത്തിന്‍റെ ചുവട് പിടിച്ച്, ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമാകില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.ബാലചന്ദ്ര കുമാറിന്‍റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. മൊഴിയിൽ പറഞ്ഞ പലതും എഫ്ഐആറിൽ ഇല്ല എന്ന് അഡ്വ. രാമൻ പിള്ള ചൂണ്ടിക്കാട്ടുന്നു. 

യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകൾ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്നാണ് ദിലീപിന്‍റെ അഭിഭാഷകൻ ചോദിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്‍റെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷൻ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് ആരോപിക്കുന്നു.

എന്തും പറയാൻ തയ്യാറായ സാക്ഷിയാണ് ബാലചന്ദ്രകുമാർ. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് ബാലചന്ദ്രകുമാർ നൽകിയ വോയ്‍സ് ക്ലിപ്പിലുള്ളത്. ബാക്കിയെല്ലാം ഗൂഢാലോചന, പ്രേരണാ കുറ്റങ്ങൾ ചുമത്താനായി കെട്ടിച്ചമച്ചതാണെന്നും ദിലീപിന്‍റെ അഭിഭാഷകൻ ആരോപിക്കുന്നു. 

'ദിലീപ് അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു'

സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ ദിലീപിന്‍റെ ആളുകൾ ശ്രമിച്ചതിന് ഡിജിറ്റൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തി. ഒരാൾ സാക്ഷിമൊഴി നൽകാൻ വരുമ്പോൾ പ്രതിഭാഗത്തിന്‍റെ ആളുകൾ പല വഴിക്ക് അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ദിലീപ് അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എല്ലാ പ്രതികളെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തു. 

വിചാരണ തുടരുന്നു, അപ്ഡേറ്റ് അറിയാൻ പേജ് റിഫ്രഷ് ചെയ്യുക... 

തത്സമയസംപ്രേഷണം കാണാം:

 

Follow Us:
Download App:
  • android
  • ios