ജയ്പൂർ: യുവതിയേയും മകനെയും തീ കൊളുത്തി ഡോക്ടർ കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പൂറിലാണ് സംഭവം. തന്റെ ഭർത്താവുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഡോക്ടർ കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരയുടെ വീടിന്റെ കർട്ടനുകളിലും ഉപകരണങ്ങളിലും സ്പിരിറ്റ് ഒഴിച്ചതിന് ശേഷമാണ് തീകൊളുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 

ദീപ ​ഗുജ്ജർ എന്ന യുവതിയും ഇവരുടെ ആറ് വയസായ മകനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഡോക്ടർ സീമ, ഭർത്താവ് സുദീപ്, അമ്മായിയമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുദീപും ഡോക്ടറാണ്. ദീപയുടെ സഹോദരി രാധയുടെ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. കോടതിയിൽ ഹാജരാക്കിയ സീമയേയും അമ്മായിയേയും ജുഡിഷ്യൽ കസ്റ്റഡിയിലും സുദീപിനെ റിമാൻഡ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

സുദീപിന്റെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ദീപ. പെട്ടന്നായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം വളർന്ന് വലുതായത്. ശേഷം ദീപക്ക്, സുദീപ് ഒരു വീട് സമ്മാനമായി നൽകി. ഈ ബന്ധത്തെ പറ്റി അറിഞ്ഞ സീമയും അമ്മായിയമ്മയും സംഭവദിവസം ദീപയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും തുടങ്ങി. ഇതിന് പിന്നാലെ സീമ വീടിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ദീപയുടെയും മകന്റെയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.