ഗുവാഹത്തി:വീട്ടുജോലിക്കാരനായ 12 വയസുകാരനെതിരായ ക്രൂരതയ്ക്ക് അസമില്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. ഉറങ്ങിക്കിടന്ന പന്ത്രണ്ടുകാരന്‍റെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചതിനേ തുടര്‍ന്നാണ് അറസ്റ്റ്. നാഗോണ്‍ എന്ന സ്ഥലത്ത് നിന്നാണ് അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറായ സിദ്ധി പ്രസാദ് ഡ്യൂരിയേയും ഭാര്യ മിതാലി കോണ്‍വാറിനേയും അറസ്റ്റ് ചെയ്തത്. 

ദിബ്രുഗഡിലെ വീട്ടില്‍വച്ചായിരുന്നു പന്ത്രണ്ടുകാരനായ വീട്ടുജോലിക്കാരന്റെ ദേഹത്ത് സിദ്ധി പ്രസാദ് തിളച്ച വെള്ളമൊഴിച്ചത്. മിതാലി ഭര്‍ത്താവിന്‍റെ ക്രൂരതയ്ക്ക് സാക്ഷിയായെങ്കിലും കുട്ടിക്ക് ചികിത്സാ സഹായം എത്തിക്കാന്‍ തയ്യാറായില്ല. മോറന്‍ കോളേജിലെ പ്രിന്‍സിപ്പല്‍ കൂടിയാണ് മിതാലി. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നുവെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട്. 

വീട്ടുജോലിക്കാരനെ തിളച്ച വെള്ളമൊഴിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന ദമ്പതികള്‍ പിടിയിലായതായി അഡിജിപി ജി പി സിംഗ് വ്യക്തമാക്കി. ഓഗസ്റ്റ് 29നാണ് കുട്ടിയെ ജില്ലാ ശിശുക്ഷേമ കമ്മിറ്റി രക്ഷപ്പെടുത്തിയത്. അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്നായിരുന്നു കുട്ടിയെ രക്ഷപ്പെടുത്തിയത്. അന്വേഷണത്തിനായി വീട്ടിലെത്തിയ പൊലീസിനോട് സിദ്ധി പ്രസാദ് കാന്‍സര്‍ ബാധിതനാണെന്ന് പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി പൊലീസുകാര്‍ പോയതിന് പിന്നാലെ ദമ്പതികള്‍ ഒളിവില്‍ പോവുകയായിരുന്നു.